തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്യുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. 16 മുതല്‍ 18 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് മുന്നണി നേതൃത്വം വിലയിരുത്തുന്നത്. ഇലക്ഷന്‍ നടന്ന 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ വച്ചുള്ള കണക്ക്കൂട്ടലിലാണ് വമ്പന്‍ പ്രതീക്ഷ ഉണ്ടായിരിക്കുന്നത്. 18 സീറ്റ് വരെ നേടുമെന്ന് സിപിഎം അവകാശപ്പെട്ട സാഹചര്യത്തിലാണ് യുഡിഎഫിന്റെ കണക്ക്കൂട്ടലും പുറത്ത് വരുന്നത്.
ന്യൂനപക്ഷ ഏകീകരണത്തിലും എല്‍ഡിഎഫിനു ചോരാനിടയുള്ള ഭൂരിപക്ഷ വോട്ടുകളിലുമാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാലക്കാട്, ആറ്റിങ്ങല്‍ സീറ്റുകളൊഴികെ 18 ലും വിജയസാധ്യതയുണ്ടെന്നാണു നേതൃത്വത്തിന്റെ അനുമാനം. പാലക്കാട്ട് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏകോപനക്കുറവുണ്ടായെന്നാണു വിലയിരുത്തല്‍. അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് അവസാന ആഴ്ച രണ്ടും കല്‍പിച്ചു ശ്രമിച്ചെങ്കിലും സിറ്റിങ് എംപി എം.ബി. രാജേഷിനും സിപിഎമ്മിനും മണ്ഡലത്തിലുള്ള സ്വാധീനം മറികടക്കാന്‍ അതു മതിയാകുമോയെന്നതില്‍ ഉറപ്പു പോരാ. ന്യൂനപക്ഷ ഏകീകരണം വന്‍തോതില്‍ യുഡിഎഫിന് അനുകൂലമായി ഉണ്ടായെങ്കിലേ അവിടെ സാധ്യതയുള്ളൂ.
മറ്റൊരു ഇടതുകോട്ടയായ ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് വിള്ളലുണ്ടാക്കിയെന്നതില്‍ തര്‍ക്കമില്ല. അതേസമയം അതു വിജയത്തിലേക്ക് എത്തുമോയെന്നതാണു സംശയം. രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാന നേതൃത്വത്തിനു പരാതിയും ലഭിച്ചിട്ടുണ്ട്.
ഇടതിന്റെ ശക്തി ദുര്‍ഗങ്ങളായ ആലത്തൂരിലും കാസര്‍കോട്ടും വന്‍മുന്നേറ്റം നടത്തിയെന്നാണു കോണ്‍ഗ്രസ് നിഗമനം. ആലത്തൂരില്‍ ഇടതു വോട്ടുകള്‍ വരെ രമ്യ ഹരിദാസ് നേടിയതായും അവകാശവാദമുണ്ട്. ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ തീവ്രമായ മത്സരം നടന്നു. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം. ആരിഫ് തുടക്കത്തില്‍ നേടിയ വ്യക്തമായ മേല്‍ക്കൈ അവസാനമായപ്പോള്‍ യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ മറികടന്നുവെന്നാണു ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിറ്റിങ് എംപി കെ.സി. വേണുഗോപാല്‍ എന്നിവര്‍ ആലപ്പുഴയ്ക്കു നല്‍കിയ ശ്രദ്ധ ഷാനിമോള്‍ക്കു ഗുണം ചെയ്തുവെന്നും.
ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ സിറ്റിങ് എംപി ആന്റോ ആന്റണി കടന്നു കൂടുമെന്നാണു പ്രതീക്ഷയെങ്കിലും വിവിധ ഘടകങ്ങള്‍ പ്രവചനാതീതമായ നിലയുണ്ടാക്കിയെന്ന വിശകലനം നേതൃത്വം പൂര്‍ണമായും തള്ളുന്നില്ല. തിരുവനന്തപുരത്തും ഇതേ ആകാംക്ഷ ഉണ്ടായെങ്കിലും പോളിങ് ദിനത്തിലെ ന്യൂനപക്ഷ കേന്ദ്രീകരണം ശശി തരൂരിന്റെ ജയമുറപ്പിച്ചുവെന്ന റിപ്പോര്‍ട്ടാണുള്ളത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ ഭൂരിപക്ഷം രണ്ടര ലക്ഷം കവിയുമെന്ന പ്രതീക്ഷയിലുമാണു നേതൃത്വം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ 7 നിയമസഭാ മണ്ഡലം കമ്മിറ്റികള്‍ കൂടിയാണ് ഈ നിഗമനത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശത്തായതിനാല്‍ തിരഞ്ഞെടുപ്പു വിശകലനത്തിനായി ഔപചാരികമായി നേതൃയോഗം കോണ്‍ഗ്രസ് ഉടന്‍ ചേരില്ല. വോട്ടെടുപ്പിനെക്കുറിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട് നാളെ ഡല്‍ഹിയിലെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനു കൈമാറും.