യു.ഡി.എഫിന്റെ ഭാഗമാകാനുള്ള പി.സി ജോര്‍ജിന്റെ നീക്കത്തിന് തിരിച്ചടി. മുന്നണി പ്രവേശനത്തിനുള്ള അദ്ദേഹത്തിന്റെ അപേക്ഷപോലും പരിഗണിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ യു.ഡി.എഫ് നേതൃത്വം തയ്യാറായില്ല.
ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ഉഭയകക്ഷി ചര്‍ച്ച നിര്‍ബന്ധമാണെന്നും യോഗത്തില്‍ ഘടകകക്ഷികള്‍ നിലപാടെടുത്തു. രണ്ട് സീറ്റ് തങ്ങള്‍ക്കു വേണമെന്നു കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. ഇടുക്കി സീറ്റിന്മേല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ജെഡിയുവിനൊപ്പം എല്‍ഡിഎഫിലേക്കു പോകാത്തവരെ യുഡിഎഫില്‍ ക്ഷണിതാക്കളാക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.
ബിജെപിയെയും എന്‍ഡിഎയും തള്ളിപ്പറഞ്ഞാണ് യുഡിഎഫുമായി സഹകരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജനപക്ഷം സംസ്ഥാന സമിതി യോഗത്തിലായിരുന്നു പ്രതികരണം. യുഡിഎഫ് പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും പി.സി. ജോര്‍ജ് അവകാശപ്പെട്ടിരുന്നു.
നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു കഴിഞ്ഞ നവംബറില്‍ ജോര്‍ജ് നിലപാടു വ്യക്തമാക്കിയിരുന്നു. നിയമസഭയ്ക്കു പുറത്തും സഹകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്ന് അന്നും ആവര്‍ത്തിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള മുന്‍കൈയെടുത്ത് ചര്‍ച്ചയും നടന്നു. എന്നാല്‍ ഒന്നരമാസം കഴിയുന്നതിനു മുന്‍പ് ജോര്‍ജ് വീണ്ടും നിലപാട് മാറ്റി.