2016 ലെ വി.എസ് ആകാനില്ലെന്ന് ഉമ്മൻചാണ്ടി..! പാർട്ടി ജയിച്ചാലും മുഖ്യമന്ത്രിയാകാനാവില്ല: ഹൈക്കമാൻഡ് കടുത്ത എതിർപ്പിൽ; കോൺഗ്രസുകാരെ കൂട്ടത്തോടെ കാലുവാരാൻ ഉമ്മൻചാണ്ടി; ലതികയെ ഇളക്കിവിട്ടതിനു പിന്നിലും ചാണ്ടിയുടെ കുടില തന്ത്രം

തിരുവനന്തപുരം: പാർട്ടി ജയിച്ചാലും, യു.ഡി.എഫിന് അധികാരം തിരികെ ലഭിച്ചാലും മുഖ്യമന്ത്രിയാകാനാവില്ലെന്നു തിരിച്ചറിഞ്ഞ ഉമ്മൻചാണ്ടിയും എ ഗ്രൂപ്പും കൂട്ടക്കാലുവാരലിനൊരുങ്ങുന്നതായി രഹസ്യ റിപ്പോർട്ട്. നേമത്ത് മത്സരിക്കാനുള്ള ഹൈക്കമാൻഡ് നിർദേശം ഉമ്മൻചാണ്ടി തള്ളിയതോടെ, ഇദ്ദേഹത്തിനെതിരെ ഹൈമക്കമാൻഡിനുള്ളിൽ നിന്നും കനത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡ് കേരളത്തിൽ ഭരണം ലഭിച്ചാലും ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാകാൻ അനുവദിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് കോൺഗ്രസിനെയും യു.ഡി.എഫിനെയും കാലുവാരാൻ എ ഗ്രൂപ്പ് ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ ഭരണ വിരുദ്ധ വികാരം വോട്ടാക്കാൻ ഉമ്മൻചാണ്ടി തന്നെ പ്രചാരണ രംഗത്ത് ഇറങ്ങണമെന്ന പൊതുവികാരം കോൺഗ്രസ് പ്രവർത്തകർക്കിടയിലുണ്ട്. ഈ സാഹചര്യത്തിൽ താൻ പ്രചാരണത്തിന് സജീവമായി ഇറങ്ങുകയും, കോൺഗ്രസിന് ഭരണം ലഭിക്കുകയും ചെയ്താൽ കഴിഞ്ഞ തവണ വി.എസിന്റെ അവസ്ഥയാകും തനിക്കെന്ന് ഉമ്മൻചാണ്ടി തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണം ലഭിച്ചില്ലെങ്കിലും സാരമില്ലെന്ന നിലപാട് ഉമ്മൻചാണ്ടി സ്വീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ വിശ്വസ്തയായിരുന്ന മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നിഷേധിക്കുകയും, തുടർന്ന് ഇവരെ മത്സര രംഗത്ത് ഇറക്കുകയും ചെയ്തതിനു പിന്നിൽ ഉമ്മൻചാണ്ടിയുടെ മൗനത്തിന് വലിയ പങ്കുണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിഗമനം. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെയും, പ്രഖ്യാപനത്തിന്റെയും തലേന്ന് പുതുപ്പള്ളിയിലെ വീട്ടിലെത്തിയ ലതികയ്ക്ക് ആശാവഹമായ ഒരു സ്വീകരണമല്ല ഉമ്മൻചാണ്ടിയിൽ നിന്നും ലഭിച്ചത്. ഇത് ഇവരിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയത്.

ഒരു പക്ഷേ, ലതിക പാർട്ടി ഓഫിസിനു മുന്നിലിരുന്ന് തല മുണ്ഡനം ചെയ്ത ശേഷമെങ്കിലും ഉമ്മൻചാണ്ടി ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നുവെങ്കിൽ ഒരു പക്ഷേ ലതിക സ്ഥാനാർത്ഥിയാകാൻ തയ്യാറാകില്ലായിരുന്നു. ഇതാണ് ഇപ്പോൾ യു.ഡി.എഫിന് വലിയ വെല്ലുവിളിയും തിരിച്ചടിയുമായി മാറിയിരിക്കുന്നത്. ലതികയുടെ തല മുണ്ഡനം സംസ്ഥാനത്ത് എമ്പാടും പാർട്ടിയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കരുതുന്നത് ഇതിനു പിന്നിൽ പ്രവർത്തിച്ചത് ഉമ്മൻചാണ്ടി തന്നെയാണ് എന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു.

നേമത്ത് മത്സരിക്കുന്നയാൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് എന്നാണ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കെ.മുരളീധരനാണ് എന്നു വ്യക്തവുമാണ്. ഇതിനിടെയാണ് ഇപ്പോൾ പ്രശ്‌നങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്നതിനായി ഉമ്മൻചാണ്ടി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് കോൺഗ്രസിന്റെ സാധ്യതകളെത്തന്നെ ഇല്ലാതാക്കുമെന്നാണ് പ്രവർത്തകരും, ഒരു വിഭാഗം നേതാക്കളും ഭയപ്പെടുന്നത്.

 

Top