ഘടകക്ഷികൾക്കു മുന്നിൽ കോൺഗ്രസ് നട്ടെല്ലു വളയ്ക്കരുത്: ജില്ലയിൽ ആറു സീറ്റിലെങ്കിലും കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കണം: പൊട്ടിത്തെറിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി

കോട്ടയം: ജില്ലയിലെ യുഡിഫ് സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി. ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന രീതിയിലാണ് നേതൃത്വം സീറ്റ് ചർച്ചകളുമായി മുന്നോട്ട് പോകുന്നതെന്ന് ജില്ലാ കമ്മറ്റി.

കോട്ടയം ജില്ലയിൽ ആറ് സീറ്റുകളിൽ കോൺഗ്രസ്സ് മത്സരിക്കണമെന്നും യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ്സ് മാണി -ജോസഫ് വിഭാഗങ്ങൾ ഒരുമിച്ച് നിന്നപ്പോൾ ജില്ലയിൽ ആറ് സീറ്റിലാണ് അവർ മത്സരിച്ചത്.

നിലവിൽ ഇതിൽ ഒരു വിഭാഗം മുന്നണി വിട്ട പശ്ചാത്തലത്തിൽ കടുത്തുരുത്തി ഒഴികെ മറ്റ് സീറ്റുകളിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അവകാശവാദമുന്നയിക്കുന്നത് ശരിയല്ല. വിജയ സാധ്യതയായിരിക്കണം സീറ്റ് വിഭജനത്തിന്റെ മാനദണ്ഡമെന്നിരിക്കേ സീറ്റുകൾക്കു വേണ്ടി വിലപേശുന്ന ജോസഫ് വിഭാഗം ആ സീറ്റുകളിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളുണ്ടോ എന്ന് കൂടി ആത്മപരിശോധന നടത്താൻ തയ്യാറാകണം.

നിലവിലെ സീറ്റ് ചർച്ചകളിൽ ഇത്തരത്തിൽ വിജയസാധ്യതയില്ലാതെ മുന്നണി മര്യദയുടെ പേര് പറഞ്ഞ് സ്ഥാനാർത്ഥികളേ രംഗത്തിറക്കിയാൽ യു ഡി.ഫിന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേക്കുമെന്നും ജില്ലാ കമ്മറ്റി .വർഷങ്ങളായി ജില്ലയിൽ നേതൃനിരയിൽ നിൽക്കുന്നവരേ അവഗണിച്ചു കൊണ്ട് കോൺഗ്രസ് നേതൃത്വം നട്ടെല്ല് പണയം വയ്ക്കരുതെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി അവശ്യപ്പെട്ടു.

കോൺഗ്രസ്സ് പ്രവർത്തകരുടെ വികാരം മാനിക്കാതെയുള്ള തീരുമാനങ്ങളുമായി നേതൃത്വം മുന്നോട്ട് പോകുന്ന പക്ഷം ജില്ലയിൽ യൂത്ത് കോൺഗ്രസ്സ് സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.കോട്ടയം ഡി.സി.സി ഓഫിസിൽ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, റ്റോം കോര അഞ്ചേരിൽ ,ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡന്റ്മാർ തുടങ്ങിയവർ പങ്കെടുത്തു.

Top