പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞ ഉടന്‍ യു.ഡി.എഫില്‍ പൊട്ടിത്തെറി തുടങ്ങി. തനിക്കെതിരെ തിരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി. പ്രസിഡന്റുമായ വി.കെ.ശ്രീകണ്ഠന്‍ പ്രതികരിച്ചു. ഇതിന്റെ വിശദാശങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പുറത്തുവരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജില്ലയില്‍ പിരിച്ചെടുത്തു നല്‍കിയ ഫണ്ടുപോലും കെ.പി.സി.സിയില്‍ നിന്ന് തന്നില്ലെന്നാണ് ആരോപണം. പാര്‍ട്ടിക്കുള്ളിലല്ല ഗൂഢാലോചന നടന്നതെന്നും ആരാണ് ഗൂഢാലോചന നടത്തിയതെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം തെളിവ് സഹിതം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് യുഡിഎഫ് നടത്തിയത് വലിയ മുന്നേറ്റമായിരുന്നു. അതില്‍ വിറളിപൂണ്ട ചിലരാണ് തനിക്കെതിരായ ഗൂഢാലോചന നടത്തിയത്. അത് പാര്‍ട്ടിയിലോ മുന്നണിയിലോ ഉള്ള ആളുകളല്ല. യുഡിഎഫിലും കോണ്‍ഗ്രസിലും എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ എതിരാളികളാണ് ഗൂഢാലോചന നടത്തിയത്. അതു സംബന്ധിച്ച് ഫലപ്രഖ്യാപനത്തിനു ശേഷം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്തയെ അദ്ദേഹം തള്ളിക്കളഞ്ഞു. കെപിസിസി ഫണ്ട് നല്‍കിയില്ലെന്ന് താന്‍ ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിന് കെപിസിസി മുന്തിയ പരിഗണനയാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് ഫണ്ട് കെപിസിസി ഫണ്ട് നല്‍കിയില്ലെന്നും അതാണ് പ്രചാരണത്തില്‍ പിന്നിലാകാന്‍ കാരണമെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.