ശബരിമല സ്ത്രീപ്രവേശത്തില്‍ അമിത് ഷായുടെ നിലപാടിനെ തള്ളി കേന്ദ്രമന്ത്രി ഉമാഭാരതി രംഗത്ത്. ജനവികാരം മാനിച്ചാവണം കോടതിവിധിയെന്ന അമിത് ഷായുടെ നിലപാടിനെതിരെയാണ് ഉമ ഭാരതി നിലപാട് വ്യക്തമാക്കിയത്. വിധിയില്‍ സുപ്രീംകോടതിയെ പഴിക്കാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു.
നടപ്പിലാക്കാന്‍ കഴിയുന്ന ഉത്തരവുകള്‍ മാത്രമേ കോടതികള്‍ക്ക് പ്രസ്താവിക്കാന്‍ സാധിക്കൂ എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുളളിലാണ് ശബരിമല വിധിയില്‍ സുപ്രിം കോടതിയെ അനുകൂലിച്ച് ഉമാഭാരതി രംഗത്തെത്തുന്നത്. ശബരിമല യുവതി പ്രവേശനം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഉമാഭാരതി പറഞ്ഞു.
കോടതി സ്വമേധയാ ഇടപെട്ടതല്ല, ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. സമീപിക്കുന്നവരുടെ അവസരം നിഷേധിക്കാന്‍ കോടതിക്ക് കഴിയില്ല. കോടതികള്‍ നടപ്പാക്കാന്‍ ആകുന്ന വിധികള്‍ മാത്രമേ പുറപ്പെടുവിക്കാവൂ എന്ന അമിത് ഷായുടെ പരാമര്‍ശം കോടതിയെ സമീപിച്ചവരെ ഉദ്ദേശിച്ചാകും. എപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്നും പോകേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ലെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉമാഭാരതി പറഞ്ഞു.
ശബരിമല വിനോദസഞ്ചാര കേന്ദ്രമല്ല ആരാധനാലയമാണ്. എപ്പോള്‍ ക്ഷേത്രത്തില്‍ പോകണമെന്ന് സ്ത്രീകളോട് ആരും പറഞ്ഞു നല്‍കേണ്ട കാര്യമില്ല. ഈ നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ പാലിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ഉമാഭാരതി വ്യക്തമാക്കി.


