ലക്‌നൗ: കൃഷിയിടത്തിലൂടെ ഉത്തര്‍ പ്രദേശ് മന്ത്രിയുടെ വാഹനവ്യൂഹം ഓടിച്ചത് മൂലം വിളകള്‍ നശിച്ചതായി കര്‍ഷകന്റെ പരാതി. സമയം ലാഭിക്കാന്‍ വേണ്ടിയാണ് യുപി ജയില്‍ വകുപ്പ് മന്ത്രി കൃഷിയിടത്തിലൂടെ വാഹനവ്യൂഹം പായിച്ചത്. ബുധനാഴ്ച ബുന്ദേല്‍കണ്ഡിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ യു.പി ജയില്‍ മന്ത്രി ജയ് കുമാര്‍ സിംഗിന്റെ വാഹനവ്യൂഹം കൃഷിയിടത്തിലൂടെ ഓടിച്ചുവെന്നാണ് പരാതി.
അന്നേ ദിവസം പ്രദേശത്ത് നിരവധി പരിപാടികളില്‍ പങ്കെടുക്കാമെന്നേറ്റ മന്ത്രി, ബുന്ദേല്‍കണ്ഡിലെ പരിപാടി കഴിഞ്ഞ് സമയം ലാഭിക്കുവാന്‍ വേണ്ടി പ്രധാനപാത ഒഴിവാക്കി കൃഷിയിടത്തിലൂടെ ഓടിക്കുകയായിരുന്നു. സംഭവം കണ്ട താന്‍ ഉടന്‍ തന്നെ ഓടിയെത്തി വാഹനവ്യൂഹത്തെ തടഞ്ഞെന്ന് കര്‍ഷകന്‍ ധുരേ പറയുന്നു.
എന്നാല്‍ താന്‍ ഇവിടേക്ക് എത്തുമ്പോഴേക്കും ഭൂരിപക്ഷം വിളകളും നശിച്ചിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ മന്ത്രിയുടെ കാലില്‍വീണെന്നും ധുരെ കൂട്ടിച്ചേര്‍ത്തു. തന്റെ വിളകള്‍ നശിച്ചതിനെ പറ്റി തൊഴുകൈകളോടെ കണ്ണീര്‍ വാര്‍ത്ത് പരാതി പറയുന്ന ധുരെയുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. ഞാന്‍ ഒരു പാവപ്പെട്ട കര്‍ഷകനാണ്. പണം വായ്പയെടുത്താണ് താന്‍ കൃഷിയിറക്കിയത്. എന്നാല്‍ തന്റെ കൃഷി പൂര്‍ണമായും നശിച്ചതായും ധുരെ പ്രതികരിച്ചു.
അതേസമയം, കര്‍ഷകന്റെ പരാതി കേട്ട ഉടന്‍ തന്നെ താന്‍ 4000 രൂപ നഷ്ടപരിഹാരമായി നല്‍കിയതായി മന്ത്രി പറഞ്ഞു. യു.പി സര്‍ക്കാര്‍ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മന്ത്രി നല്‍കിയ നഷ്ടപരിഹാരം മതിയാകില്ലെന്നാണ് കര്‍ഷകന്റെ നിലപാട്.