തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നു നിയമസഭയില്‍ ചോദിച്ച ബിജെപി എംഎല്‍എ ഒ. രാജഗോപാലിനെ പരിഹസിച്ച് നേമം മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടി. നേമത്തെ ജനങ്ങളെ ഇങ്ങനെ നാണം കെടുത്തരുതെന്നും വര്‍ഷം രണ്ടായിട്ടും മണ്ഡലത്തിന്റെ മുക്കുംമൂലയും തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ എന്തു പറയാനാണെന്നും ശിവന്‍കുട്ടി ചോദിച്ചു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഒ.രാജഗോപാലിനെ ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ചത്.
നിയമസഭയില്‍ ആറാം തീയതി നടന്ന ചോദ്യോത്തരവേളയിലാണു നേമം നിയോജക മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എത്ര സ്ഥാപനങ്ങളുണ്ടെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഒ.രാജഗോപാല്‍ ചോദിച്ചത്. നേമം നിയോജക മണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്ലെന്നായിരുന്നു വകുപ്പു മന്ത്രി എ.കെ.ബാലന്റെ മറുപടി. ഇതോടെ സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ അറിയാത്ത എംഎല്‍എയാണോ രാജഗോപാല്‍ എന്നു വിമര്‍ശനമുയര്‍ന്നു.



