പട്‌ന: പശുവിനെ മാറ്റാനായി വാഹനത്തിന്റെ ഹോണടിച്ച ഡ്രൈവറുടെ കണ്ണ് പശുവിന്റെ ഉടമസ്ഥന്‍ അടിച്ചുതകര്‍ത്തു. ദേശീയപാതയില്‍ നില്‍ക്കുകയായിരുന്ന പശുവിനെ റോഡില്‍ നിന്നും മാറ്റാനാണ് ഹോണടിച്ചത്. ബീഹാര്‍ തലസ്ഥാനമായ പട്‌നയ്ക്ക് സമീപമുള്ള മൈന എന്ന ഗ്രാമത്തിലെ സോന്‍ബര്‍സ രാജ് പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം ഹോണ്‍ മുഴക്കി പശുവിനെ പേടിപ്പിച്ചെന്ന് ആരോപിച്ചാണ് പിക്ക് അപ്പ് ഡ്രൈവറുടെ കണ്ണ് അടിച്ചു തകര്‍ത്തത്.
ഗണേഷ് മണ്ഡല്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ബഗല്‍പൂര്‍ ജില്ലയില്‍ നിന്നും തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗണേഷ് ദേശീയ പാതിയിലെത്തിയപ്പോളാണ് നടുറോഡില്‍ പശു നില്‍ക്കുന്നത് കണ്ടത്.
പശുവിനെ മാറ്റുവാനായി ഗണേഷ് വാഹനത്തിന്റെ ഹോണ്‍ അടിക്കുകയും ചെയ്തു. എന്നാല്‍ ഹോണ്‍ ശബ്ദം കേട്ടതോടെ റോഡില്‍ നിന്നും പശു കുതറി ഓടി എന്ന് പറഞ്ഞാണ് പശുവിന്റെ ഉടമസ്ഥന്‍ രാം ദുലര്‍ യാദവ് ഗണേഷിനെ വണ്ടിയില്‍ നിന്നും പുറത്തിറക്കി മര്‍ദ്ദിച്ചത്. പശുവിനെ ഭയപെടുത്തുവാന്‍ മനപൂര്‍വ്വം ഹോണ്‍ മുഴക്കിയെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.
മര്‍ദ്ദനത്തില്‍ ബോധം നഷ്ടപ്പെട്ട ഗണേഷിനെ ഉടന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബോധം തിരിച്ച് കിട്ടിയപ്പോള്‍ തന്റെ ഇടത്തെ കണ്ണിന് കാഴ്ച്ചയില്ലെന്ന് ഗണേഷ് ഡോക്ടര്‍മാരോട് പറയുകയായിരുന്നു. കണ്ണില്‍ നിന്നും ഏറെ രക്തം നഷ്ടപെട്ടതായിരിക്കാം കാഴ്ച്ച നഷ്ടപെടാന്‍ കാരണമായതെന്ന് ഡോക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ സോന്‍ബര്‍സ രാജ് പൊലീസ് എഫ്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ താന്‍ ഗണേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും, ഗണേഷിനെ മര്‍ദ്ദിച്ചു എന്ന പറയുന്ന സമയം താന്‍ തന്റെ പശുവിനെ കുളിപ്പിക്കുകയായിരുന്നു എന്നുമാണ് റാം ദുലര്‍ യാദവ് പൊലീസിന് നല്‍കിയ വിശിദീകരണം.