ബാര്‍ കൗണ്‍സിലിന്റെ ഒത്തുതീര്‍പ്പ് നീക്കം പാളി; വഞ്ചിയൂര്‍ കോടതിയിലെ മജിസ്‌ട്രേറ്റ് ദീപ മോഹനെതിരെ ബഹിഷ്‌കരണം തുടരുമെന്ന് അഭിഭാഷകര്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ പ്രശ്‌നങ്ങളില്‍ ഒത്തുതീര്‍പ്പ് ശ്രമം പാളി. മജിസ്‌ട്രേറ്റിനെതിരായ ബഹിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബാര്‍ അസോസിയേഷന്‍. ദീപ മോഹനെതിരെ അഭിഭാഷകര്‍ ബഹിഷ്‌കരണവുമായി മുന്നോട്ട് പോകും. പ്രശ്‌നം പരിഹരിച്ചെന്നായിരുന്നു നേരത്തെ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചത്.എന്നാല്‍ ബഹിഷ്‌കരണം തുടരുമെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ നാളെ ബാര്‍ കൗണ്‍സില്‍ യോഗം ചേരും. വിവിധ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇതിന് ശേഷം അഞ്ചാം തീയതി വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തും. ഇതിന് മുന്നോടിയായി ഡിസംബര്‍ നാലിന് മുഴുവന്‍ ബാര്‍ കൗണ്‍സില്‍ ഭാരവാഹികളുടെയും യോഗം കൊച്ചിയില്‍ ചേരാനും തീരുമാനമായി.

അഭിഭാഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിയില്‍ കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ടത്.ദിവസങ്ങള്‍ക്ക് മുമ്പാണ് വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മജിസ്‌ട്രേറ്റ് ദീപ മോഹന്‍ വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതോടെ ഒരു സംഘം അഭിഭാഷകര്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങുകയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതി നല്‍കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top