പരാതികളും പ്രശ്നങ്ങളുമായി സമീപിക്കുന്നവരെ കായികമായി നേരിടുന്നവര്‍ അഭിഭാഷകരല്ലെന്ന് അഡ്വ.കാളീശ്വരം രാജ്

kaleeswaram-raj

കൊച്ചി: മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അഡ്വക്കേറ്റ് കാളീശ്വരം രാജ്. തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പരാതികളും പ്രശ്നങ്ങളുമായി സമീപിക്കുന്നവരെ കായികമായി നേരിടാന്‍ ആരും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അത്തരത്തില്‍ പ്രതികരിക്കുന്നവര്‍ അഭിഭാഷകരല്ലെന്നും അദ്ദേഹം പറഞ്ഞു.

മനസാക്ഷിത്വ വിരുദ്ധമായ അഭിപ്രായങ്ങള്‍ പറയാന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമാന ചിന്തകള്‍ എഴുതുകയും പറയുകയും പങ്കുവയ്ക്കുകയും ചെയ്യും. അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പ്രശ്നമാണ്, അതില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ അഞ്ച് മുതിര്‍ന്ന അഭിഭാഷകരായ സിപി ഉദയഭാനു, അഡ്വക്കേറ്റ് കാളീശ്വരം രാജ്, എസ് ജയശങ്കര്‍, ശിവന്‍ മഠത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ക്കെതിരെ ബാര്‍ അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് കാളീശ്വരം രാജിന്റെ പ്രതികരണം.

കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ ആത്മപരിശോധന നടത്തണമെന്ന് അഡ്വക്കേറ്റ് സിപി ഉദയഭാനുവും പ്രതികരിച്ചിരുന്നു. ഇത്തരത്തിലൊരു സംഘടനയില് തുടരുന്നതിലും നല്ലത് വീരമൃതു വരിക്കുന്നതാണെന്നും അദ്ദഹം പറഞ്ഞു. താന്‍ ശരിയുടെ ഭാഗത്താണ് നിലകൊള്ളുന്നതെന്നും അഭിഭാഷക സംഘടനയുടെ കിരാത നടപടി എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വഞ്ചിയൂര്‍ കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. മീഡിയാ റൂം പൂട്ടിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് പോസ്റ്ററുകള്‍ പതിച്ചു. സമവായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ പോലും കോടതി പരിസരത്ത് അഭിഭാഷകര്‍ ആക്രമണം അഴിച്ചുവിട്ടു. ഹൈക്കോടതിക്കുള്ളിലും പുറത്തും മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ്, സിറ്റി പൊലീസ് കമീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Top