കമ്പക്കാനം കൂട്ടക്കൊല: കൃത്യത്തിന് സമയം കുറിച്ചു നല്‍കിയ ജ്യോതിഷി പിടിയില്‍; കൂടുതല്‍ പേരുടെ പങ്ക് തേടി പോലീസ്

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലക്ക് മുന്‍പും ശേഷവും മന്ത്രവാദിയെക്കൊണ്ട് കൃത്യത്തിന് സമയം നോക്കിയതായി പ്രതികളുടെ വെളിപ്പെടുത്തല്‍. കൊലയ്ക്കുപറ്റിയ സമയമാണോ എന്നറിയുന്നതിനായാണ് മറ്റൊരു മന്ത്രവാദിയെക്കൊണ്ട് പ്രശ്നംവച്ചു നോക്കിയത്. പിടിക്കപ്പെടില്ലെന്നും നല്ല സമയമാണെന്നുമായിരുന്നു മന്ത്രവാദിയുടെ ഉപദേശം. കൊലയ്ക്കുശേഷം അതേ മന്ത്രവാദിയുടെ അടുക്കലെത്തി പിടിക്കപ്പെടാതിരിക്കാന്‍ കോഴിക്കുരുതിയും നടത്തി. ഈ മന്ത്രവാദിയുടെ പേരില്‍ കേസെടുത്തേക്കും.

വണ്ണപ്പുറം കമ്പകക്കാനത്ത് മന്ത്രവാദിയെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അടിമാലിക്ക് സമീപം കൊരങ്ങാട്ടിയിലെ ആദിവാസി ഊരായ തേവര്‍കുടിയിലെ അനീഷാണ് (30) ചൊവ്വാഴ്ച രാത്രി പത്തരയോടെ നേര്യമംഗലത്ത് പോലീസ് പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനീഷിന് കൊല്ലപ്പെട്ട കൃഷ്ണനോടുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. അനീഷിന്റെ വിവാഹം നടക്കുന്നതിനും വീട്ടില്‍ ഐശ്വര്യം വരുന്നതിനുമായി കൃഷ്ണനെ ഉപയോഗിച്ച് ഒട്ടേറെ പൂജകള്‍ നടത്തിയിരുന്നു. ഇതിനുമാത്രം മുപ്പതിനായിരത്തോളം രൂപ കൃഷ്ണന്‍ വാങ്ങി. എന്നാല്‍ ഇതൊന്നും ഫലവത്തായില്ല എന്നതാണ് വൈരാഗ്യമുണ്ടാകാന്‍ കാരണം.

ഇതുകൂടാതെ രണ്ടുവര്‍ഷം മന്ത്രവാദം പഠിപ്പിച്ച വകയില്‍ ഫീസും ഈടാക്കിയിരുന്നു. എന്നാല്‍, കൃഷ്ണന്‍ പഠിപ്പിച്ചകര്‍മങ്ങള്‍ ചെയ്തിട്ട് ഫലമൊന്നുമുണ്ടായില്ല. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയത്. ഇതിനായി സുഹൃത്ത് ലിബീഷുമായി ആറ് മാസം മുമ്പുതന്നെ ഗൂഢാലോചന തുടങ്ങിയിരുന്നു. ജൂലായ് 29-ന് അര്‍ധരാത്രി കമ്പകക്കാനത്തെത്തി കൊല നടത്തി മടങ്ങിയെന്നാണ് അനീഷ് പോലീസിന് മൊഴി നല്‍കിയത്.

കേസില്‍ ആറിലേറെ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍, തൊടുപുഴ ഡിവൈ.എസ്.പി. കെ.പി. ജോസ് എന്നിവര്‍ സൂചിപ്പിച്ചു. ഇവരില്‍ ഓരോരുത്തരുടെ പങ്കും വ്യക്തമായി വരുന്നതേയുള്ളൂ. കൂടുതല്‍ ആളുകള്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടോയെന്നും മൃതദേഹം മറവുചെയ്യാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നുള്ളതും അന്വേഷണ വിധേയമാക്കും.

Top