സ്വന്തം ലേഖകൻ
മാനന്തവാടി : സന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാതെയുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ആരോപിച്ച് എഫ്‌സിസി സന്യാസി സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളി.
സിസ്റ്റർ നൽകിയ മൂന്നാമത്തെ അപ്പീലാണ് വത്തിക്കാൻ ഇപ്പോൾ തള്ളിയിരിക്കുന്നത്. സഭയിൽ നിന്നും പുറത്താക്കിയ നടപടി നിർത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സിസ്റ്റർ ലൂസി കളപ്പുര അപ്പീൽ നൽകിത്.
തന്റെ ഭാഗം കേൾക്കാതെയുള്ള തീരുമാനത്തിനെതിരെ ഇന്ത്യൻ പൗരയെന്ന നിലയിൽ രാജ്യത്തെ കോടതികളെ സമീപിക്കുമെന്നാണ് അപ്പീൽ തള്ളിയതിൽ ലൂസി കളപ്പുരയുടെ പ്രതികരണം.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തതോടെയാണ് എഫ്‌സിസി സന്യാസി സഭയും സിസ്റ്റർ ലൂസിയും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയത്. എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയതു മുതൽ കോൺവെന്റിൽ പ്രശ്‌നങ്ങളുണ്ടായി.
തുടർന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും എഫ്.സി.സി. സന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്നാരോപിച്ചാണ് സിസ്റ്റർ ലൂസിയെ സഭ പുറത്താക്കിയത്.2019ലാണ് സിസ്റ്റർ ലൂസി കളപ്പുരയെ സഭ പുറത്താക്കിയത്.
ഇതിനെതിരെയാണ് സിസ്റ്റർ ആദ്യം എഫ് സി സി അധികൃതർക്കും പിന്നീട് വത്തിക്കാനിലേക്കും അപ്പീൽ നൽകിയത്. രണ്ട് തവണ വത്തിക്കാനിൽ അപ്പീൽ നൽകിയിട്ടും അനുകൂല തീരുമാനമുണ്ടാവാത്ത സാഹചര്യത്തിൽ മൂന്നാം തവണയും സിസ്റ്റർ ലൂസി കളപ്പുര
വത്തിക്കാനെ സമീപിച്ചിരുന്നു.
മൂന്ന് പ്രാവശ്യം അപേക്ഷ നൽകിയിട്ടും വത്തിക്കാൻ ഒരു പ്രതിനിധിയെ വെച്ചു പോലും തന്റെ ഭാഗം കേട്ടിട്ടില്ല.വിധി വന്ന് ഒരു വർഷത്തിന് ശേഷമാണ് ഈ കത്ത് തനിക്ക് കിട്ടുന്നതെന്നും ലൂസി കളപ്പുര വ്യക്തമാക്കി. അതേസമയം മഠത്തിൽ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ ലൂസി കളപ്പുര നൽകിയ കേസ് നിലനിൽക്കുന്നുണ്ട്.