വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകണമെന്നതാണ് കേരളത്തിലെ ബിജെപി അണികളുടെ മുഴുവന്‍ ആഗ്രഹം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച കുമ്മനം 7622 വോട്ടുകള്‍ക്കാണ് കെ. മുരളീധരനോട് തോറ്റത്. ലോക്‌സഭയില്‍ ഇത് 2836 വോട്ടായി കുറക്കാനും കുമ്മനത്തിന് സാധിച്ചു. മുരളീധരന്റെ അഭാവത്തില്‍ കുമ്മനത്തിന് ശക്തമായ മത്സരം കാഴ്ച്ചവയ്ക്കാകുമെന്നും വിജയം കയ്യകലത്താണെന്നും ബിജെപി അണികള്‍ കരുതുന്നു.
എന്നാല്‍ അണികളുടെ ആഗ്രഹത്തിന് മങ്ങലേല്‍ക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. വീണ്ടും ഒരു മത്സരത്തിനിറങ്ങുന്നതിനോട് കുമ്മനം തന്നെ വിയോജിപ്പ് പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം. വിജയിച്ചാല്‍ തന്നെ അധികകാലം പദവ് ഉപയോഗിക്കാനുമാകില്ല എന്നതും പുറകോട്ടടിക്കുന്ന ഘടകമാണ്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മണ്ഡലത്തിന്റെ വികാരം അറിയാന്‍ നടത്തിയ ശ്രമത്തില്‍ അറിഞ്ഞത് കുമ്മനം കഴിഞ്ഞാല്‍ പിന്നെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് വിവി രാജേഷിനെയാണ് എന്നാണ്. കുമ്മനത്തിന്റെ അഭാവത്തില്‍ മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കാന്‍ വിവി രാജേഷിന് കഴിയുമെന്നാണ് മണ്ഡലത്തിലെ അണികളുടെ വിശ്വാസം. എന്നാല്‍ സീറ്റ് ഉപേക്ഷിച്ച് കുമ്മനം മാറി നില്‍ക്കുകയാണെങ്കില്‍ മത്സരിക്കാനായി വേറെയും ചിലര്‍ രംഗത്തെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി രംഗത്ത് വന്നിരിക്കുന്നവരില്‍ ഒരാള്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷാണ്. ജില്ലയില്‍ ബിജെപിയെ ഏകീകരിച്ച് നിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച സുരേഷ് ജില്ലയില്‍ സുപരിചിതനായ പ്രവര്‍ത്തകനുമാണ്. കേരളത്തിലെ ബിജെപി ഘടകത്തില്‍ വലിയ ചലനമുണ്ടാക്കിയ മെഡിക്കല്‍ കോഴ വാര്‍ത്ത ചോര്‍ത്തലുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടപടി നേരിട്ട വ്യക്തിയാണ് വിവി രാജേഷ്. ഈ ഇടിവ് മുതലെടുത്ത് മത്സരത്തിനായി ഒരുങ്ങുകയാണ് എസ് സുരേഷ്.