കേസ് ഒഴിവാക്കിയാല്‍ മുഖ്യമന്ത്രിക്ക് എന്തും നല്‍കാന്‍ തയ്യാറായി വെള്ളാപ്പള്ളി; മുഖ്യമന്ത്രി ചോദിച്ചാല്‍ യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള് വരെ സര്‍ക്കാരിന് വിട്ടുകൊടുക്കും

vellapally

കൊല്ലം: മൈക്രോഫിനാന്‍സ് കേസില്‍ നിന്നും തലയൂരാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പണി പതിനെട്ടും നോക്കുന്നുണ്ട്. കേസ് ഒഴിവാക്കിയാല്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടാണ് വെള്ളാപ്പള്ളി നില്‍ക്കുന്നത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ സര്‍ക്കാരിന് വിട്ടുകൊടുക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

പ്രവേശനത്തിനു മാനേജുമെന്റുകള്‍ പണം വാങ്ങരുതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. കെ. കരുണാകരന്‍ കഴിഞ്ഞാല്‍ അടുത്ത ലീഡര്‍ പിണറായി വിജയനാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പണ്ട് കരുണാകരന്‍ എന്ന ഒരു ലീഡറേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് രണ്ടാമതൊരു ലീഡര്‍ കൂടി ഉണ്ടായിരിക്കുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിന്നും ശക്തനായ, പ്രായോഗികതയുള്ള ലീഡറായി പിണറായി മാറിയിരിക്കുന്നുവെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. തനിക്ക് ഇഷ്ടമുള്ള നേതാവാണ് പിണറായി വിജയന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പണം വാങ്ങരുതെന്ന നിലപാടിനോട് താന്‍ യോജിക്കുന്നതായും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എസ്എന്‍ഡിപിയുടെ സ്‌കൂളുകളും കോളേജുകളും വിട്ടുനല്‍കാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല വിഷയത്തിലും പിണറായിക്ക് അനുകൂലമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇതെല്ലാം മൈക്രോ ഫിനാന്‍സ് കേസിനെ ഭയന്നാണെന്നാണ് വിലയിരുത്തല്‍. എസ് എന്‍ ഡി പി യോഗത്തിന്റെ ബിഡിജെഎസ് എന്ന പാര്‍ട്ടിയിലും ഇത് അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ട്ടി പിളര്‍പ്പിലേക്കാണെന്നാണ് സൂചന. ബിജെപി ക്യാമ്പ് വിടാന്‍ വെള്ളാപ്പള്ളി തയ്യാറെടുക്കുന്നതാണ് ഇതിന് കാരണം. ഇടത് സര്‍ക്കാരിനെതിരെ ബിജെപി നടത്തുന്ന സമരവുമായി ബിഡിജെഎസ് സഹകരിക്കുന്നില്ല. ഇത് ബിജെപിയേയും ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതല ഏറ്റപ്പോള്‍ മുതല്‍ വെള്ളാപ്പള്ളി പിണറായിയെ പിന്തുണയ്ക്കുകയാണ്. ഇത് ശരിയാകില്ലെന്നാണ് ബിജെപി പക്ഷം.

മൈക്രോ ഫിനാന്‍സ് കേസുകളിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായിയുമായി വെള്ളാപ്പള്ളി രഹസ്യകൂടിക്കാഴ്ച നടത്തിയ വാര്‍ത്ത മംഗളവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത വെള്ളാപ്പള്ളി സ്ഥിരീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി വിലപേശല്‍ നടത്തി തുഷാറിനെ കേന്ദ്രമന്ത്രിയാക്കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് ഫലം കണ്ടില്ല. ഇതിനിടെ മൈക്രോ ഫിനാന്‍സ് അഴിമതിയുമെത്തി. ഈ സാഹചര്യത്തില്‍ സിപിഎമ്മുമായി അടുക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.

എസ് എന്‍ കോളേജിലെ പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതും ഇതിന്റെ ഭാഗമാണെന്ന് സംഘപരിവാര്‍ കാണുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ സൂചന നല്‍കി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടും എത്തുന്നത്.

Top