തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയും പ്രൈവറ്റ് സെക്രട്ടറി സുരേഷിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കി. പ്രശസ്ത എഴുത്തുകാരിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സാറ ജോസഫാണ് ഹര്‍ജി നല്കിയത്.ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഡിസംബര്‍ 30ന് കോടതി വാദം കേള്‍ക്കും.
അതിനിടെ ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ സമരം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു.