ദില്ലി: ബാങ്കുകളെ കബളിപ്പിച്ചു നടക്കുന്ന മദ്യ രാജാവ് വിജയ് മല്യയെ രാജ്യസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യം ഉയര്‍ന്നതിനു പിന്നാലെ മല്യ തന്നെ എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭാ സദാചാര സമിതിക്കാണ് രാജിക്കത്ത് നല്‍കിയത്. വിദേശത്തേക്ക് കടന്ന മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ ഏപ്രില്‍ 25 ന് രാജ്യസഭാ എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
ജൂണിലാണ് മല്യയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. ഏപ്രില്‍ 25 ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എത്തിക്സ് കമ്മിറ്റി മല്യയ്ക്ക് തന്റെ നിലപാട് വിശദീകരിക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. സാധാരണ നടപടിക്രമമാണ് ഇതെന്ന് എത്തിക്സ് കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.
മല്യയെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 24 ന് കേന്ദ്രസര്‍ക്കാര്‍ മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. എന്നാല്‍ പാസ്പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടോ തന്നെ അറസ്റ്റ് ചെയ്തതുകൊണ്ടോ ഒറ്റക്കാശുപോലും ബാങ്കുകള്‍ക്ക് കിട്ടില്ലെന്നായിരുന്നു മല്യയുടെ പ്രതികരണം. എസ്ബിഐ ബാങ്ക് ഉള്‍പ്പെടെയുള്ള 17 ബാങ്കുകള്‍ക്ക് 9,000 കോടിയോളം രൂപയാണ് മല്യ വായ്പയും പലിശയും അടക്കം നല്‍കാനുള്ളത്. വായ്പാ കുടിശ്ശിക നിലനില്‍ക്കെ മാര്‍ച്ച് രണ്ടിനായിരുന്നു മല്യ ബ്രിട്ടനിലേക്ക് കടന്നത്.