മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം പൊറുപ്പിക്കില്ല.വിനു.വി.ജോണിനെതിരെയുള്ള സിപിഎം സര്‍ക്കാര്‍ പകപോക്കല്‍ അവസാനിപ്പിക്കണം- ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചു നടത്തുന്ന പകപോക്കല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.  വിനു വി. ജോണിനെതിരെ രഹസ്യമായി നടപടികള്‍ സ്വീകരിക്കുകയും വിനു നല്‍കിയ പരാതികളില്‍ അന്വേഷണമില്ലാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

ഇത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. അധികാരവും സ്വാധീനവും ഉപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും നിശബ്ദമാക്കുവാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. ദേശീയതലത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിനായി വാദിക്കാറുള്ള സി.പി.എം നേതൃത്വം കേരളത്തില്‍ ഫോര്‍ത്ത് എസ്‌റ്റേറ്റിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ ശരിയാണോയെന്നു പരിശോധിക്കണമെന്നും നിലപാട് വ്യക്തമാക്കണമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ബി.സിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതിനു സമാനമായ നിലപാടാണ് കേരളത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ഇടതു സര്‍ക്കാരിനുള്ളത്. വിനു വി ജോണിനെതിരായ നടപടി അതിന്റെ തുടര്‍ച്ച മാത്രമാണ്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിലേക്ക് പ്രവേശിച്ച് വാര്‍ത്തകള്‍ ശേഖരിക്കാന്‍ അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും നിയന്ത്രണങ്ങളും നിരീക്ഷണവും നിലനില്‍ക്കുന്നു. അധികം വൈകാതെ ജില്ലാ കേന്ദ്രങ്ങളിലേക്കും ഈ നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചേക്കാം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലക്ഷ്മണരേഖ വരച്ച് വാര്‍ത്തകള്‍ പുറംലോകം അറിയുന്നത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കരുതുന്നു.

ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പി.ആര്‍.ഡി പൂര്‍ത്തിയാക്കിയിട്ടില്ല. വര്‍ഷങ്ങളായി ആരംഭിച്ച പ്രക്രിയ മുടന്തന്‍ ന്യായങ്ങളിലൂടെ വലിച്ചിഴക്കുകയാണ്. ജനങ്ങളിലേക്ക് അതിവേഗം വാര്‍ത്തകള്‍ എത്തിക്കുന്ന ഓണ്‍ ലൈന്‍ മാധ്യമങ്ങളെ അവഗണിച്ചുകൊണ്ട് ഒരു സര്‍ക്കാരിനും മുമ്പോട്ടുപോകുവാന്‍ കഴിയില്ലെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, വൈസ് പ്രസിഡന്റ് അഡ്വ. സിബി സെബാസ്റ്റ്യന്‍ ,ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് , ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ , എമില്‍ ജോണ്‍ എസ്.ശ്രീജിത്ത്‌ , സജിത്ത് ഹിലാരി എന്നിവര്‍ പറഞ്ഞു.

Top