ഓവല്‍: മാന്യന്മാരുടെ കളിയായിട്ടാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. അതിന്റെ മകുടോദാഹരണമാണ് കഴിഞ്ഞ ദിവസത്തെ ഇന്ത്യ ആസ്‌ട്രേലിയ മത്സരം. പന്തുചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ഇപ്പോഴും കാണികളുടെ അധിക്ഷേപം ഏറ്റുവാങ്ങുന്നവരാണ് ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും. ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങള്‍ തന്നെ അതിനുള്ള തെളിവാണ്. ഓസീസിന്റെ മത്സരങ്ങളിലെല്ലാം സ്റ്റേഡിയത്തിലെ കാണികള്‍ ഇരുവരെയും കൂക്കിവിളിക്കുന്നത് തുടരുകയാണ്.
ഞായറാഴ്ച ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ സ്റ്റീവ് സ്മിത്ത് ഇന്ത്യന്‍ ആരാധകരുടെ രോഷം ശരിക്കും അറിഞ്ഞു. ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സ്മിത്തിനെ ഇന്ത്യന്‍ കാണികള്‍ ചതിയനെന്നു വിളിച്ചുകൂവുകയായിരുന്നു. ഇത് ശ്രദ്ധിച്ച് ഉടന്‍ തന്നെ ഇടപെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഗാലറിയിലേക്ക് നോക്കി ആരാധകരോട് കൂവരുതെന്നും സ്മിത്തിനായി കൈയടിക്കാനും ആവശ്യപ്പെട്ടു. ഇതിന് സ്മിത്ത് ഉടന്‍തന്നെ കോലിയുടെ തോളില്‍തട്ടി നന്ദി അറിയിക്കുകയും ചെയ്തു.
മത്സരത്തിനു പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യത്തില്‍ കാണികള്‍ക്കു വേണ്ടി സ്മിത്തിനോട് മാപ്പുചോദിക്കുന്നതായും കോലി പറഞ്ഞു.
ഇന്ത്യന്‍ ആരാധകര്‍ ഇത്തരം മോശം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് വേദനാജനകമാണെന്നു പറഞ്ഞ കോലി ഇത്തരത്തില്‍ പരിഹസിക്കാന്‍ മാത്രം സ്മിത്ത് എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. സംഭവിക്കാനുള്ളത് സംഭവിച്ചു. അദ്ദേഹം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. നന്നായി പരിശ്രമിക്കുകയും ചെയ്യുന്നു. ടീമിനായി മികച്ച പ്രകടനം നടത്തുന്നുമുണ്ട്, കോലി വ്യക്തമാക്കി.
ഇത്തരത്തില്‍ ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോലി പറഞ്ഞു. അതേസമയം കോലിയുടെ ഈ മാന്യമായ പ്രവൃത്തി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ നായകന്റെ ഈ പെരുമാറ്റം യഥാര്‍ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ തെളിവാണെന്നും ആരാധകര്‍ പറയുന്നു.