സ്വന്തം ലേഖകൻ
കൊല്ലം: വിസ്മയ കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെ പ്രതി കിരൺകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. കേസിൽ തെളിവെടുപ്പിനായി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട കിരൺകുമാറിന്റെ കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
കിരണിന് കോവിഡ് സ്ഥിരീകരിച്ചതോടെനിലമേലിലെ വിസ്മയയുടെ വീട്ടിൽ നടത്താൻ തീരുമാനിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവച്ചു.കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെ കിരണിന് കോവിഡ് സ്ഥിരീകരിച്ചത് അന്വേഷണസംഘത്തിനെ കുഴപ്പിച്ചിരിക്കുകയാണ്.
ശാസ്ത്രീയ പരിശോധനയും മൊഴിയെടുപ്പും അവസാനഘട്ടത്തിൽ എത്തിയതോടെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം പോരുവഴിയിലെ ബാങ്കിലും വിസ്മയ തൂങ്ങിമരിച്ച വീട്ടിലും കിരൺകുമാറിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
വിസ്മയ തൂങ്ങിമരിച്ച ശുചിമുറിയിൽ കിരൺകുമാറിന്റെ സാന്നിദ്ധ്യത്തിൽ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു.വിസ്മയയ്ക്ക് സ്ത്രീധനമായി ലഭിച്ച 42 പവനും പോരുവഴിയിലെ ബാങ്ക് ലോക്കറിൽ നിന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.