കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈമേടി സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. അതേസമയം വിസ്മയയുടെ മരണം കൊലപാതകമാണെന്നാണ് പിതാവിന്റെ പ്രതികരണം.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ മര്‍ദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. മര്‍ദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു.
ചിത്രങ്ങളില്‍ വിസ്മയയുടെ കൈയ്യിലും കാലിലും അടക്കം അടി കൊണ്ട പാടുകളുണ്ട്. സ്ത്രീധനമായി കിട്ടിയ വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ ഭര്‍ത്താവ് കിരൺ മർദ്ദിച്ചെന്ന് വാട്സ് അപ് സന്ദേശത്തില്‍ പറയുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെയോടെയാണ് വിസ്മയ തൂങ്ങിമരിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലാണ് വിസ്മയയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം പലതവണ സ്ത്രീധനത്തെ ചൊല്ലി വഴക്കുനടന്നതായി വിസ്മയ വീട്ടുകാരെ അറിയിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ വച്ച് മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും ഇത് സൂചിപ്പിക്കുന്ന മെസേജുകളും വീട്ടുകാര്‍ക്ക് വിസ്മയ അയച്ചുകൊടുത്തിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.