ഞാനവനെ പൊന്നുപോലെ നോക്കിയേനേ…അവന്റെ ശരീരം മൊത്തം മുറിവുകളായിരുന്നു; അമ്മ ക്രൂരമായി കൊലപ്പെടുത്തിയ രണ്ടരവയസുകാരന്റെ അച്ഛന്‍ പറയുന്നത്…

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാന്‍ രണ്ടര വയസുള്ള തന്റെ സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു. അമ്മയും കാമുകനും ചേര്‍ന്ന് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ കുട്ടിയുടെ അച്ഛന്‍ സംഭവത്തോട് പ്രതികരിക്കുന്നു.

‘അവളാണ് കുഞ്ഞിനെ കൊന്നത്. ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു. കുഞ്ഞിനെ ശരീരം മൊത്തം മുറിവുകളുണ്ടായിരുന്നത് താന്‍ കണ്ടതാണെന്നും അച്ഛനായ മനു പറഞ്ഞു. ഉത്തരയും കാമുകനുമാണ് ക്രൂരതയ്ക്ക് പിന്നില്‍. കുഞ്ഞിനെ ഉത്തര നിരന്തരം ഉപദ്രവിച്ചിരുന്നു. എന്നും കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളായിരുന്നെന്നും മനു പറഞ്ഞു. ”കുഞ്ഞിനെ അവള്‍ ഉപദ്രവിക്കുമായിരുന്നു. എപ്പോഴും അടിക്കുമായിരുന്നു. രണ്ടുമാസം മുന്‍പാണ് രജീഷിനൊപ്പം ഇറങ്ങിപ്പോയത്. കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തിരുന്നു. കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്. ഇപ്പോള്‍ കേസ് നടക്കുകയാണ്.’ മനു പറയുന്നു.

ശനിയാഴ്ചയാണ് ക്രൂരമായി മര്‍ദ്ദനമേറ്റ് രണ്ട് വയസുകാരന്‍ ഏകലവ്യന്‍ മരിക്കുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് വര്‍ക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയെന്നും തലച്ചോറിന് ക്ഷതമേറ്റ് രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ തുടര്‍ച്ചയായി അടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നതായി യുവതിയും കാമുകനും കുറ്റ സമ്മതം നടത്തി. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ഇവര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കുഞ്ഞിന്റെ ബോധം പോയപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്.

Top