ബിനോയ് കോടിയേരി വിവാദത്തിൽ സി.പി.എം. സംസ്ഥാന ഘടകത്തിന്റെ നിലപാടിൽ ദുരൂഹത: വി.എം. സുധീരൻ

തിരുവനന്തപുരം :ബിനോയ് കോടിയേരി വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് പറയുന്ന സിപിഎം നേതൃത്വം എന്തുകൊണ്ടാണ് അതെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെടാത്തത് ?

തങ്ങൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെങ്കിൽ അതേക്കുറിച്ച് അന്വേഷണം നടത്താനും ഉത്തരവാദികളെ നിയമത്തിന്റെ പിടിയിൽ കൊണ്ടുവന്ന് അഴിക്കുള്ളിലാക്കാനുള്ള ബാധ്യത സിപിഎമ്മിനില്ലേ.? എന്തുകൊണ്ട് അതിനവർ തയ്യാറാകുന്നില്ല.?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ചോദ്യങ്ങൾക്ക് ഇതേവരെ അവർ നൽകിയ വിശദീകരണങ്ങളൊന്നും തൃപ്തികരമല്ല; വിശ്വാസയോഗ്യമല്ല.അതേസമയം തന്നെ ബിനോയി കോടിയേരി വിവാദം പാർട്ടി അന്വേഷിക്കേണ്ട വിഷയമല്ലെന്ന് സംസ്ഥാനഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ട് വന്നിട്ടുണ്ട്.ഒരേസമയം പാർട്ടിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പറയുകയും അതേസമയം പാർട്ടി അന്വേഷണ വിധേയമാക്കേണ്ട വിഷയമല്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തത് യഥാർഥത്തിൽ പരസ്പര വിരുദ്ധമായ നിലപാടാണ്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇതിൽ പ്രകടമാകുന്നത്.

കമ്യൂണിസ്റ്റ് തത്വങ്ങളും സംഘടനാ ചട്ടങ്ങളും ലംഘിക്കുന്നത് ഇല്ലാതാക്കുന്നതിന് കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖയുടെയും അതിന്റെ തുടർച്ചയായി പാലക്കാട് പ്ലീനം അംഗീകരിച്ച സംഘടനാ റിപ്പോർട്ടിന്റെയും അന്തസ്സത്തയ്ക്ക് നിരക്കാത്ത നടപടികളാണ് ഇതെല്ലാം.തെറ്റുതിരുത്തൽ രേഖയും നടപടികളുമൊക്കെ നേതാക്കൾക്കൊന്നും ബാധകമല്ലെന്നും അതൊക്കെ താഴെത്തട്ടിലുള്ള പാർട്ടിക്കാർക്ക് മാത്രമാണ് ബാധകമായിട്ടുള്ളത് എന്നുമുള്ള ഈ നിലപാട് ഏറെ വിചിത്രമാണ്.

തൊഴിലാളിവർഗ പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിയുടെ നേതൃനിരയിലുള്ളവരുടെ മക്കൾ കോടികളുടെ ഇടപാടുകളിൽ എങ്ങനെ ഉൾപ്പെടുന്നു.? ഇതിനൊക്കെയുള്ള വരുമാന സ്രോതസ് എന്ത്? എങ്ങനെ? സാധാരണ പാർട്ടി പ്രവർത്തകരും ജനങ്ങളും ചോദിക്കുന്ന ഈ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് സിപിഎം നേതാക്കൾക്ക് നൽകാനുള്ളത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ തികഞ്ഞ ദുരൂഹതയാണ് നിലനിൽക്കുന്നത്.

സിപിഎം സംസ്ഥാന ഘടകം എന്തുതന്നെ പറഞ്ഞു ന്യായീകരിച്ചാലും നാടിനെ ഇളക്കിമറിച്ച ഈ പ്രശ്നത്തിൽ പോളിറ്റ് ബ്യൂറോ തലത്തിലുള്ള അന്വേഷണത്തിനും തുടർ നടപടികൾക്കും സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉൾപ്പെടെയുള്ള അഖിലേന്ത്യാ നേതൃത്വം തയ്യാറാകണം.

അതല്ലെങ്കിൽ മകന്റെ കാര്യത്തിൽ അമിത് ഷാ അനുവർത്തിച്ച അതേ നിലപാട് തന്നെയാണ് സിപിഎം കേന്ദ്രനേതൃത്വവും പിന്തുടരുന്നതെന്ന് വിശ്വസിക്കാൻ ജനങ്ങൾ നിർബന്ധിതരാകും. രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ച് അവകാശപ്പെടാൻ സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ഇനി ഒരിക്കലും കഴിയാത്ത അവസ്ഥയായിരിക്കും ഇതിന്റെ ഫലമായിട്ടുണ്ടാവുക.

ബിനോയ് കൊടിയേരി പ്രശ്നത്തിൽ ഉയർന്ന് വന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഈ വിവാദത്തിന് പിന്നിൽ നടന്നതായി സിപിഎം നേതാക്കൾ ആരോപിച്ച ഗൂഢാലോചനയെ സംബന്ധിച്ചും സിപിഎം അഖിലേന്ത്യാ നേതൃത്വം അന്വേഷിക്കുകയും അതിന് ആവശ്യമെങ്കിൽ ഔദ്യോഗിക ഏജൻസികളെ സമീപിക്കുകയും വേണം. സുതാര്യമായി ഈ വിവാദം കൈകാര്യം ചെയ്യാതെ സാങ്കേതിക കാര്യങ്ങളിൽ മുറുകെപ്പിടിച്ച് മുന്നോട്ടുപോയാൽ ഇപ്പോൾ സിപിഎമ്മിന്റെ മേൽ വന്നു പതിച്ചിട്ടുള്ള കരിനിഴൽ എന്നന്നേക്കുമായി നിലനിൽക്കുന്ന സാഹചര്യമാണ് ഉണ്ടാകുക.

സിപിഎമ്മിന്റെ മുതലാളിത്ത പ്രീണനത്തിന് തുടർച്ചയായി തിരിച്ചടി വന്നുകൊണ്ടിരിക്കുകയാണ്. തോമസ് ചാണ്ടി, പി വി അൻവർ, ജോയ്സ് ജോർജ് എന്നിവർക്കു പിന്നാലെ ഇപ്പോൾ ചവറയിലെ ഇടതുമുന്നണി എംഎൽഎയും വിവാദത്തിൽ വന്നിരിക്കുന്നു.തിരഞ്ഞെടുപ്പിൽ താൽക്കാലിക നേട്ടങ്ങൾക്കായി കമ്യൂണിസ്റ്റ് ആശയങ്ങൾ പണയപ്പെടുത്തിയതിന്റെ ഫലമായി ഉണ്ടായ ‘രാഷ്ട്രീയ ദുരന്ത’മാണ് ഇതെല്ലാം. തെറ്റുതിരുത്തൽ രേഖയുടെ പ്രസക്തി തന്നെയാണ് ഇവിടെയും ഉയർന്നു വരുന്നത്.

Top