
തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തിനെതിരെ വിഎം സുധീരന്‍ രംഗത്ത്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ കീഴില്‍ നിയമവാഴ്ച തകര്‍ന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
തന്റെ ഡ്യൂട്ടി നിര്‍വ്വഹിച്ച എ.എസ്.ഐ.യ്ക്കു നേരെ നടന്ന തികച്ചും കാടന്‍ രീതിയിലുള്ള എസ്.എഫ്.ഐ.യുടെ ക്രൂരമായ അക്രമം അപലപനീയമാണ്. ഈ സംഭവം കേരളാ സര്‍ക്കാരിന് നാണക്കേട് വരുത്തിയിരിക്കുകയാണ്. ഒരു ഭാഗത്ത് പോലീസ് സി.പി.എമ്മിന്റെ ക്രൂരതയ്ക്കു വിധേയരാകുമ്പോള്‍ത്തന്നെ മറുഭാഗത്ത് സി.പി.എമ്മിന്റെ ആജ്ഞാനവര്‍ത്തികളായി അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കുനേരെ അതിക്രമം കാണിക്കുന്ന വിചിത്രമായ സ്ഥിതിവിശേഷവും നിലനില്‍ക്കുന്നുണ്ട്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ രാത്രി ഉദയംപേരൂരില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി പോലീസ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്. ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ്ബ്, മെമ്പര്‍മാരായ സാബു പൊങ്ങലായില്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജൂബന്‍ ജോണ്‍ എന്നിവരെ മര്‍ദ്ദിച്ച ഡി.വൈ.എഫ്.ഐ.-സി.പി.എം. അക്രമി സംഘത്തിനുനേരെ മൃദുസമീപനം സ്വീകരിച്ച പോലീസ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എമ്മിനുവേണ്ടി അതിക്രമം നടത്തുകയാണ്.
തലശ്ശേരിയില്‍ ദളിത് സഹോദരിമാരെ കൈക്കുഞ്ഞിനോടൊപ്പം ജയിലിലടച്ച അതിക്രമം ഉള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ പോലീസിന്റെ മറ്റൊരു മുഖമാണ് പ്രകടമാക്കുന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് നിയസമാധാനപാലനത്തില്‍ വന്നിട്ടുള്ള ഗുരുതരമായ വീഴ്ചയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രിയുടെ തെറ്റായ പോലീസ് നയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഭരണഘടനാപരമായ പരിഹാരസാധ്യതകളെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് സുധീരന്‍ മുന്നറിയിപ്പുനല്‍കി.