തിരുവനന്തപുരം:വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജി വച്ചു. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി അദ്ദേഹം നേരത്തെ ഒഴിഞ്ഞ് മകന്റെ വീട്ടിലേക്ക് ഇന്നലെ താമസം മാറിയിരുന്നു. അനാരോഗ്യത്തെ തുടർന്ന് ഏറെ നാളായി പൊതുപ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹം വിട്ട് നിൽക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം രാജിക്കത്ത് കൈമാറി. നാല് വര്‍ഷവും അഞ്ച് മാസവുമാണ് വി എസ് ഭരണ പരിഷ്‌കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. ഏകദേശം 11 റിപ്പോര്‍ട്ടുകള്‍ ഇതിനകം സര്‍ക്കാരിന് സമര്‍പ്പിച്ചു. രണ്ട് റിപ്പോര്‍ട്ടുകള്‍ തയാറായിട്ടുണ്ട്. അതും ഉടന്‍ സമര്‍പ്പിക്കും.
വി.എസിനെ മുൻനിർത്തിയാണ് സി.പി.എം കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിണറായി വിജയൻറെ സത്യപ്രതിജ്ഞ വേളയിൽ സ്‌ഥാനമാനങ്ങൾ ആവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് കുറിപ്പ് നൽകിയത് ആക്ഷേപങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. തുടർന്നാണ് വി.എസിനെ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിച്ചത്.
ഈ കമ്മീഷൻ ഒരു വെള്ളാനയാണെന്നും സംസ്‌ഥാനത്തിനോ ജനങ്ങൾക്കോ ഒരു ഗുണവും ഉണ്ടായിട്ടില്ലായെന്ന ആക്ഷേപങ്ങൾ ശക്തമായിരുന്നു. പത്ത് കോടിയിലേറെ രൂപയാണ് ഒരു പരിഷ്ക്കാരവും നടപ്പിലാക്കാത്ത ഈ കമ്മീഷന് വേണ്ടി കഴിഞ്ഞ നാലര വർഷത്തിനിടയിൽ ചിലവിട്ടത്. ഖജനാവിൽ പണമില്ലെന്നും ചിലവ് ചുരുക്കണമെന്നും ആവശ്യപ്പെടുന്ന സർക്കാർ ഇത്തരമൊരു പ്രയോജനവുമില്ലാത്ത കമ്മീഷനും അതിന്റെ അധ്യക്ഷന് ക്യാബിനറ്റ് പദവിയും ,പേഴ്‌സണൽ സ്റ്റാഫുകളും,അവർക്കുള്ള ആനുകൂല്യങ്ങളും,ഓഫീസും,വാഹനങ്ങളുമൊക്കെയായി ധൂർത്തടിച്ചത് പൊതുജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ്. പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാകൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വി.എസിന്റെ രാജിവച്ചൊഴിയൽ. എന്നാൽ വി.എസിന്റെ രാജി പാർട്ടിയിലോ സർക്കാരിലോ ഒരു ചലനവും ഉണ്ടാക്കില്ല.
വി.എസ് അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ സർക്കാരിന് ഇത് വരെ നാല് റിപ്പോർട്ടുകളാണ് നൽകിയിരുന്നത്. 2017ലും, 2019ലും ഓരോ റിപ്പോർട്ടുകളും, 2018ൽ രണ്ട് റിപ്പോർട്ടുകളും ആണ് കമ്മീഷൻ സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ റിപ്പോർട്ടിലെ ഒരൊറ്റ ശുപാർശ പോലും സർക്കാർ ഇതുവരെയായും പരിശോധിച്ചു പോലും കഴിഞ്ഞിട്ടില്ല. 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ മാത്രം ഈ ഭരണപരിഷ്കാര കമ്മീഷന്റെ ചിലവുകൾക്ക് വേണ്ടി മാത്രം സർക്കാർ ചിലവഴിച്ചത് 7,13,36,666 രൂപയാണ്. അതായത് ഏഴ് കോടി പതിമൂന്ന് ലക്ഷത്തി മുപ്പത്തി ആറായിരത്തി അറുന്നൂറ്റി അറുപത്താറു രൂപ.
അച്യുതാനന്ദന് മുഖ്യമന്ത്രി സ്‌ഥാനം നൽകാത്തത് മറ്റ് പടല പിണക്കങ്ങൾക്ക് വഴി വയ്ക്കാതിരിക്കാൻ പിണറായി സർക്കാർ ഉണ്ടാക്കിയ പദവിയാണ് ഭരണപരിഷ്ക്കാര കമ്മീഷൻ എന്നുള്ളത്. സർക്കാരിന്റെ കാര്യക്ഷമമായ ഭരണത്തിനു വേണ്ടിയാണ് ഈ കമ്മീഷനെ നിയോഗിക്കുകയും ചെയർമാനായി അച്യുതാനന്ദനെ നിയമിക്കുകയും ചെയ്തത് എന്നായിരുന്നു സർക്കാർ വാദം. എന്നാൽ കമ്മീഷന്റെ പ്രവർത്തിന വേണ്ടി പ്രവർത്തനങ്ങൾക്ക് വേണ്ടി കോടികൾ ചിലവഴിച്ചതല്ലാതെ കമ്മീഷന്റെ റിപ്പോർട്ടുകൾ പരിശോധിക്കുകയോ, അംഗീകരിക്കുകയോ, അതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
വി എസ് അച്യുതാനന്ദന്റെ വാർത്താകുറിപ്പ്.
ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ നാലര വര്‍ഷമായി പ്രവര്‍ത്തിക്കുകയും പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ രൂപപ്പെട്ടത്. രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്‍റെ പ്രിന്‍റിങ്ങ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സര്‍ക്കാരിന് സമര്‍പ്പിക്കാനാവും.
എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31-01-2021 തിയ്യതി വെച്ച് ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്നത്തിന്‍റെ ഫലമായാണ് കമ്മീഷന്‍റെ പഠന റിപ്പോര്‍ട്ടുകളുണ്ടായത്. ഈ യജ്ഞത്തില്‍ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.