തിരുവനന്തപുരം : ഓണ്‍ലൈന്‍ മാധ്യമങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ മാനേജ്മെന്റ് പ്രതിനിധികളുടെ സംഘടനയായ ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യന്‍,ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറര്‍ തങ്കച്ചന്‍ പാലാ എന്നിവര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുകയോ സ്ഥാനാര്‍ഥികളുടെ പരിപാടികള്‍ അറിയിക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് കൂടുതല്‍ അവഗണന കാണിക്കുന്നത്. മുന്‍നിര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നാല്‍ എല്ലാമായി എന്ന് ധരിക്കുന്നവര്‍ മൂഡസ്വര്‍ഗ്ഗത്തിലാണെന്നും ഇത് അവര്‍ക്ക് തെളിയിച്ചു കൊടുക്കുമെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. തിരുവനന്തപുരത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോനിമിഷവും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി എന്തെന്നറിയാത്തവരാണ് തെരഞ്ഞെടുപ്പ് കാലത്തെ ഈ നടപടിക്കു പിന്നില്‍. തെരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശികമായി നടക്കുന്ന പരിപാടികള്‍ പ്രസിദ്ധീകരിക്കുവാന്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളെ ആശ്രയിച്ചിരുന്നവരാണ് ഇപ്പോള്‍ പത്രങ്ങളെയും ടി.വി ചാനലുകളേയും മാത്രം ആശ്രയിക്കുന്നത്. വാര്‍ത്തകള്‍ ജനങ്ങളിലേക്ക് പെട്ടെന്ന് എത്തിക്കുവാന്‍ സര്‍ക്കാര്‍ പോലും ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിക്കുന്ന ഈ കാലത്താണ് സ്ഥാനാര്‍ഥികളുടെ അറിവോടുകൂടിയുള്ള ഈ നടപടി. പത്രത്തില്‍ വലിയ തലക്കെട്ടോടെ വരുന്ന വാര്‍ത്ത ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും എത്താറില്ല എന്ന സത്യം പലര്‍ക്കും അറിയില്ല. എന്നാല്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളില്‍ വരുന്ന വാര്‍ത്ത നിമിഷനേരംകൊണ്ട് ലോകമെമ്പാടും എത്തും. പ്രവാസികള്‍ക്ക് ഏക ആശ്രയം ഇതുപോലെയുള്ള ഓണ്‍ലൈന്‍ ചാനലുകളാണ്.
എന്നാല്‍ ഓണ്‍ ലൈന്‍ ചാനല്‍ എന്നപേരില്‍ ഫെയിസ് ബുക്കില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ആളുകളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെയും ബാധിച്ചിട്ടുണ്ട് എന്നത് അംഗീകരിക്കുകയാണ്. പലര്‍ക്കും ഇത്തരം ആളുകളില്‍നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകാറുമുണ്ട്. എന്നാല്‍ ഇതിന്റെപേരില്‍ ഓണ്‍ ലൈന്‍ ന്യുസ് ചാനലുകളെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. മുന്‍നിര മാധ്യമങ്ങള്‍ മൂടിവെക്കുന്ന വാര്‍ത്തകള്‍ പുറത്തെത്തിക്കുന്നത് നട്ടെല്ലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് എന്ന സത്യം ആരും വിസ്മരിക്കരുത്.
വാര്‍ത്തകള്‍ക്ക് വേണ്ടി ജനങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സമയമാണിത്. ഈ സമയത്ത് ഓണ്‍ ലൈന്‍ മാധ്യമങ്ങളെ അവഗണിക്കുന്ന സമീപനം തുടര്‍ന്നാല്‍ ആ സ്ഥാനാര്‍ഥിയുടെയും അവരുടെ പാര്‍ട്ടിയുടെയും വാര്‍ത്തകള്‍ അവഗണിക്കുവാന്‍ സംഘടനയും തയ്യാറാകേണ്ടിവരുമെന്ന് സെക്രട്ടറി ചാള്‍സ് ചാമത്തില്‍ (സി.മീഡിയ), ജോസ് എം.ജോര്‍ജ്ജ് (കേരള ന്യൂസ് ചാനല്‍ ഓസ്ട്രേലിയ), വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ (ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്), സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ് ), ജയന്‍ (കോന്നി വാര്‍ത്ത), ബേബിച്ചന്‍ (ആസ്ത്ര ന്യുസ്), ഡോ.സന്തോഷ് പന്തളം (ലാന്‍വേ ന്യുസ്), രാകേഷ് ആര്‍.നായര്‍ (കമിംഗ് കേരള, തിരുവനന്തപുരം), ക്ലിന്റ് വി. നീണ്ടുര്‍ (ചാനല്‍ കേരള, കൊച്ചി), അജിന്‍ എസ്. (കൊച്ചി വാര്‍ത്ത)എന്നിവര്‍ പറഞ്ഞു.