പവിത്ര ജെ ദ്രൗപതി
തിരുവനന്തപുരം: അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറിയെന്ന് ഡബ്ല്യു.സി.സിയോട് പരാതിപ്പെട്ടപ്പോള്‍ ”അലന്‍സിയര്‍ മാപ്പ് പറഞ്ഞാല്‍ മതിയോ..ദിവ്യ ഓക്കെയാണോ” എന്ന് ഡബ്ല്യു.സി.സി ഭാരവാഹികള്‍ ചോദിച്ചെന്ന് ആരോപണമുന്നയിച്ച നടി ദിവ്യ വീഡിയോയില്‍ പറയുന്നുണ്ട്. നടിമാരുടെ സംരക്ഷണത്തിനായി വന്ന സംഘടന ചെയ്യേണ്ടത് ഇതാണോ എന്ന ചോദ്യം ഇത് ഉയര്‍ത്തുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപിതനായ നടന്‍ ദിലീപിനെ സംരക്ഷിക്കുന്ന നിലപാട് എഎംഎംഎ കൈക്കൊള്ളുന്നു എന്ന് വാദമുയര്‍ത്തിയാണ് ഡബ്ല്യു.സി.സി രൂപം കൊള്ളുന്നത്. എന്നാല്‍ ഇപ്പോള്‍ ദിവ്യ പറഞ്ഞതിലൂടെ പുറത്തുവരുന്നത് ഡബ്ല്യു.സി.സി ചില താത്പര്യങ്ങള്‍ വെച്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ്. നടന്‍ ദിലീപിനെതിരെ അല്ലാതെ ഇതുവരെ ഡബ്ല്യു.സി.സി ഇത്രമേല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നില്ല എന്നതും വസ്തുതയാണ്.
നടിമാരുടെ സുരക്ഷിതത്വത്തിനും അവരുടെ അവകാശങ്ങള്‍ക്കുമായി രൂപം കൊണ്ട സംഘടനയാണ് ഡബ്ല്യു.സി.സി. എന്നിട്ടും അലന്‍സിയറിനെ പോലെ സിനിമയിലെ മുഖമായ വ്യക്തിക്കെതിരെ പരാതിയുമായി നടി രംഗത്തെത്തിയപ്പോള്‍ ഡബ്ല്യു.സി.സി ചോദിച്ച ഈ ചോദ്യം സംഘടനയുടെ അന്തസത്ത ചോദ്യം ചെയ്യുകയാണ്. നടന്‍ ദിലീപിനെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്ന എഎംഎംഎ യ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ഡബ്ല്യു.സി.സി അലന്‍സിയറിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ നിലപാടെടുക്കുന്നത് ചോദ്യം ചെയ്യപ്പെടുകയാണ്.
നടന്‍ അലന്‍സിയറിനെതിരെ കഴിഞ്ഞ ദിവസമാണ് നടി ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. പേര് വെളിപ്പെടുത്താതെ നടി നടത്തിയ തുറന്ന് പറച്ചില്‍ മലയാള ചലച്ചിത്ര മേഖലയെ വീണ്ടും കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെ നടിയായ ദിവ്യാ ഗോപിനാഥ് താനാണ് ആരോപണമുന്നയിച്ചത് എന്ന് വ്യക്തമാക്കി രംഗത്തെത്തി. അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറിയെന്നും പിന്നീട് താന്‍ ഇതിനോട് പ്രതികരിച്ചപ്പോള്‍ ഫോണിലൂടെ മാപ്പ് പറഞ്ഞിരുന്നുവെന്നും ഇവര്‍ ഫേസ്ബുക്കില്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. എന്നാല്‍ പിന്നീട് മറ്റ് പല നടിമാരുമായും അദ്ദേഹം ഇത് തുടര്‍ന്നപ്പോള്‍ പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലിംഗവിവേചനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുന്‍പാകെയും പരാതി നല്‍കിയിരുന്നുവെന്ന് ദിവ്യ തുറന്നുപറയുന്നു.സിനിമാ സെറ്റില്‍ വച്ച് നടന്‍ അലന്‍സിയറില്‍ നിന്ന് മോശം അനുഭവം നേരിട്ടുവെന്ന തുറന്നു പറച്ചില്‍ ട്വിറ്റര്‍ ഹാന്‍ഡിലായ ഇന്ത്യ പ്രൊട്ടസ്റ്റ്‌സില്‍ തിങ്കളാഴ്ചയാണ് പ്രത്യക്ഷപ്പെട്ടത്. പേര് വെളിപ്പെടുത്താതെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടി ദിവ്യ ഗോപിനാഥ് ‘ആ നടി’ താനാണെന്ന വെളിപ്പെടുത്തല്‍ ഫേസ്ബുക്കിലൂടെ നടത്തിയത്.