പിണറായി വിജയനായി മോഹന്‍ലാല്‍!! പ്രചരിക്കുന്ന പോസ്റ്ററിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവത്തില്‍ മോഹന്‍ലാല്‍ കണ്ണടയും വച്ചിരിക്കുന്ന പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. ശ്രീകരുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ദി കോമ്രേഡ് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ എന്ന നിലയിലാണ് ഇത് പരക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലെ വാസ്തവം മറ്റൊന്നാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ സത്യാവസ്ഥ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

ഹരികൃഷ്ണന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പേരില്‍ ‘ദ കോമ്രേഡ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വി എ ശ്രീകുമാര്‍ മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒടിയന്‍ എന്ന ചിത്രത്തിന്റെ ആലോചനകള്‍ക്കു മുമ്പേ താന്‍ ആലോചിച്ച പ്രൊജക്ട് ആണിതെന്നും അതിന്റെ ഭാഗമായി വരച്ച ചില സ്‌കെച്ചുകള്‍ ഇപ്പോള്‍ ആരോ പുറത്തു വിട്ടിരിക്കയാണെന്നുമാണ് ശ്രീകുമാര്‍ മേനോന്‍ പോസ്റ്റിലൂടെ പറയുന്നത്. ഇത് പ്രചരിക്കരുതെന്നാണ് സംവിധായകന്‍ ആവര്‍ത്തിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ശ്രീ മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന പേരില്‍ സംവിധാനം ചെയുന്ന സിനിമ യുടെ ചില പോസ്റ്ററുകള്‍ പ്രചരിക്കുക ഉണ്ടായി. ക്രിയേറ്റീവ് പോസ്റ്റേഴ്സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല.

കോമ്രേഡ് എന്ന ഈ പ്രൊജക്റ്റ് വളരെ മുന്‍പ് ആലോചിച്ചത് ആണ് ഒടിയനും മുന്‍പേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോണ്‍സെപ്റ് സ്‌കെച്ച്കള്‍ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്ത യാഥാര്‍ഥ്യം അല്ല. ലാലേട്ടന്‍ അറിയാത്ത വാര്‍ത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് ആര് പുറത്തുവിട്ടതാണെങ്കിലും വര്‍ക്ക് എത്തിക്സ്‌നു നിരക്കാത്ത പ്രവര്‍ത്തിയായി പോയി.

Top