ഞാനാണ് ആ നടി !..അലെൻസിയറിനെതിരെ ആരോപണം ഉന്നയിച്ചത് ഞാനാണ്..തുറന്ന് പറഞ്ഞ് നടി.. നിന്ന് കൊടുത്തിട്ടില്ല’ എന്ന ധൈര്യത്തിലാണ് എല്ലാം തുറന്നെഴുതിയത്. താൻ തെറ്റ് ചെയ്തിട്ടില്ല. ധൈര്യപൂർവം പ്രതികരിച്ചവളാണ്

കൊച്ചി:അലെൻസിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് താനാണെന്ന് തുറന്ന് പറഞ്ഞ് നടി ദിവ്യ ഗോപിനാഥ്. ഫേസ്ബുക്ക് പേജിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖലയിലേക്ക് വരുന്നവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും ദിവ്യ വ്യക്തമാക്കി .’ കുറ്റം ചെയ്തത് ഞാനല്ല. തെറ്റായ നടപടി ഉണ്ടായപ്പോൾ ധൈര്യസമേതം അതിനെ എതിർത്ത് മുന്നോട്ടുവന്നവളാണ് ഞാൻ’- ദിവ്യ പറഞ്ഞു.ഒരു തുടക്കക്കാരിയാണ് താൻ. താരസംഘടനയിലും അംഗമല്ല. അലെൻസിയറിനെതിരെ പരാതി നൽകിയാലും നടനൊപ്പമേ സംഘടന നിൽക്കൂ. അതുകൊണ്ടാണ് അനുഭവം തുറന്നെഴുതാൻ തീരുമാനിച്ചതെന്നും ദിവ്യാ ഗോപിനാഥ് പറഞ്ഞു.

ദിവ്യയുടെ വാക്കുകൾ :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പെൺകുട്ടി അവൾക്കുണ്ടായ അനുഭവങ്ങൾ സത്യമായി എഴുതി, ലോകത്തോട് അറിയിക്കാൻ ശ്രമിക്കുമ്പോൾ അജ്ഞാതയായി എഴുതിയതിനെ കുറ്റം പറയാൻ ശ്രമിക്കുന്ന ആളുകളോട് പറയാനുള്ളത് ഇതാണ്. പേര് വെളിപ്പെടുത്തി എഴിതിയിട്ട് നിങ്ങൾ എന്താണ് അവൾക്ക് കൊടുക്കാൻ പോകുന്നത്. പോസിറ്റീവായി എന്തെങ്കിലും അവൾക്ക് നിങ്ങൾ കൊടുക്കുമോ.

ഒരുപാട് ആഗ്രഹിച്ച് ചെയ്യുന്ന ജോലിയാണ് അഭിനയം. രക്ഷിതാക്കളുടെ സമ്മതംവാങ്ങി ഈ ഫീൽഡിൽ നിൽക്കാൻ തയാറായി വരുമ്പോൾ അനുവഭിക്കേണ്ടിവന്ന കുറെ പ്രശ്നങ്ങൾ ശക്തമായി തന്നെ തരണം ചെയ്തെങ്കിലും പിന്നീട് ലോകത്തോട് പറയണമെന്ന് തോന്നി. അപ്പോൾ പേര് വെളിപ്പെടുത്തിയില്ലെങ്കിൽ ആ ആരോപണമെല്ലാം തെറ്റാണെന്നും ഉണ്ടാക്കിയതാണെന്നുമൊക്കെ പറയുന്നത് വിഷമമുള്ള കാര്യമാണ്.

എംകോം കഴിഞ്ഞ സ്റ്റുഡന്റാണ്. തിയറ്റർ ബന്ധമുണ്ട്. അഭിനയത്തോടുള്ള താൽപര്യമാണ് ഇവിടെ തുടരാൻ കാരണം. ഒരു കഥാപാത്രം അവതരിപ്പിച്ചുകഴിയുമ്പോൾ കിട്ടുന്ന ഒരു സന്തോഷം എനിക്ക് മറ്റൊന്നിൽ നിന്നും കിട്ടിയിട്ടില്ല. എന്റെ മനസിന് സന്തോഷം കണ്ടെത്തുന്ന ഫീൽഡ് ഏതാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് ഞാൻ ഈ ഫീൽഡിൽ നിൽക്കുന്നത്. അല്ലാതെ നിങ്ങൾ പറയുന്നപോലെ മറ്റൊന്നിനുമല്ല.

‘നീ നിന്നു കൊടുത്തിട്ടല്ലേ.. സുഖം അനുഭവിച്ചിട്ട് ഇപ്പോൾ വന്നുപറയുന്നു’ എന്നൊക്കെ പറയുന്ന ചേട്ടൻമാരോട്- നിന്ന് കൊടുത്തിട്ടില്ല എന്ന ധൈര്യത്തിലാണ് എല്ലാം തുറന്നെഴുതിയത്. നടൻ അലെൻസിയർ ലേ ലോപ്പസിനെ കുറിച്ചാണ് എഴുതിയത്. ‘ആഭാസം’ സിനിമയ്ക്കിടെയാണ് ദുരനുഭവമുണ്ടായത്.

മറ്റൊരു സെറ്റിൽ പോയി താൻ ആ സിനിമയിലെ പെണ്ണുങ്ങളെ യൂസ് ചെയ്തുവെന്ന് പറഞ്ഞ വിവരം അറിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ ഫോൺവിളിച്ച് തെറിവിളിച്ചു. ജീവിതത്തിൽ ആദ്യമായി ഒരു തെറ്റ് സിനിമാ സെറ്റിൽ ചെയ്തതാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം അന്ന് പറഞ്ഞത്. ‘എന്നോട് ക്ഷമിക്കണം. ഞാൻ ഏത് മാനസികാവസ്ഥയിലാണ് അത് ചെയ്തതെന്ന് അറിയില്ല. എന്റെ വിഷമമാണ് മറ്റ് സെറ്റിൽ പോയി പറഞ്ഞത്. കേട്ടവർ ഏതു രീതിയിലാണ് നിങ്ങളോട് വന്ന് പറഞ്ഞതെന്ന് അറിയില്ല. നിങ്ങളെ ഒരു തരത്തിലും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുകേട്ടപ്പോൾ വീണ്ടും പറയുന്നത് ശരിയായിരിക്കുമെന്ന് തോന്നി. അദ്ദേഹത്തിന്റെ പ്രായത്തെയും അഭിനേതാവിനെയും വിശ്വസിച്ച ഒരാളാണ് ഞാൻ‌.

WCC അംഗങ്ങളോട് പരാതിപ്പെട്ടു. ജസ്റ്റിസ് ഹേമ കമ്മീഷനെയും വിവരം അറിയിച്ചു. എന്നാൽ പിന്നീട് പല സെറ്റുകളിലും പെൺകുട്ടികളോട് ഇയാൾ ഇങ്ങനെയാണ് പെരുമാറുന്നതെന്ന് അറിഞ്ഞു. അതറിഞ്ഞപ്പോൾ വളരെ ദേഷ്യം തോന്നി. ഒരു മനുഷ്യന് ഇത്രയും ക്രൂരനാകാൻ കഴിയുമോ എന്നാണ് ചിന്തിച്ചത്. ഇതാണ് എല്ലാം തുറന്നുപറയേണ്ട ശരിയായ സമയം. ഇങ്ങനെയുള്ള മനുഷ്യനെ പുറത്ത് കൊണ്ടുവരേണ്ട സമയമാണിത്. സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങളിൽ പ്രതികരിക്കുന്നത് ഒരു മുഖംമൂടിയാണ്. സ്ത്രീകളോട് ഇങ്ങനെ പെരുമാറുന്ന വ്യക്തിയെ പുറത്ത് കൊണ്ടുവരണമെന്ന് തോന്നി. അദ്ദേഹത്തിന്റെ ജീവിതം തകർക്കാനോ ഒരു ഉദ്ദേശവുമില്ല. ഞാൻ‌ കടന്നുപോയ സംഘർഷങ്ങൾ ലോകത്തെ എഴുതി അറിയിക്കണമെന്ന് തോന്നി. അതിനാലാണ് എഴുതിയത്.

അമ്മ സെക്രട്ടറി സിദ്ദീഖും കെ.പി.എ.സി ലളിതയും പറഞ്ഞ് ഈ ഫീൽഡിൽ സ്ത്രീകൾക്കെതിരെ അരുതാത്തത് യാതൊന്നും നടക്കുന്നില്ല എന്നാണ്. എന്നാൽ വസ്തുത അതല്ല. തനിക്ക് മാത്രമല്ല. ഭാവിയിൽ ഈ മേഖലയിലേക്ക് കടന്നുവരുന്നവർക്ക് ഇത് സംഭവിക്കാം. അതുകൊണ്ട് മക്കളെയോ സഹോദിരമാരെയോ വിടില്ല എന്നു പറയുന്നതിനെക്കാള്‍ അവർക്ക് ഈ മേഖലയിൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടത്.

ഞാൻ ഇപ്പോൾ ഇതെല്ലാം തുറന്നുപറയുന്നത് കുടുംബത്തിന് വലിയ ഷോക്കാണ്. അച്ഛനോടും അമ്മയോടും കാര്യങ്ങളെല്ലാം പറഞ്ഞു. ഇതറിയുന്ന ബന്ധുക്കൾ അപമാനിതരാകരുത്. തെറ്റിനോട് ധൈര്യപൂർവം പ്രതികരിച്ചയാളാണ് ഞാൻ. വരുംതലമുറയ്ക്ക് വേണ്ടികൂടിയാണിത്. ഇനി സ്ത്രീകളോട് ഇങ്ങനെ പെരുമാറുന്നതിന് മുൻപും പലരും പലതവണ ആലോചിക്കണം. ഇതൊന്നും വെറുതെ പറയുന്നതല്ല. തെളിവുകളെല്ലാം കൈയിലുണ്ട്. വളരെ ആലോചിച്ച് ധീരമായാണ് ഇത് തുറന്നു പറയാനുള്ള തീരുമാനമെടുത്തത്.

Top