മലപ്പുറം: പ്രളയക്കെടുതിയില്‍ ജനങ്ങള്‍ എത്തിപ്പെട്ട ദുരിതാശ്വാസ ക്യാംപില്‍ ദുരിത ബാധിതര്‍ക്ക് മംഗല്ല്യം. ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എംഎസ്പിഎല്‍പി സ്‌കൂളില്‍ നിന്നാണ് അഞ്ജു ഇന്ന് വിവാഹപന്തലിലേക്ക് നടന്നത്. വെള്ളപ്പൊക്കത്തില്‍ വീട് പൂര്‍ണമായും മുങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി ദുരിതാശ്വാസ ക്യാംപിലായിരുന്നു അഞ്ജു.
ഷൈജുവുമായി നേരത്തെ ഉറപ്പിച്ച വിവാഹം വെള്ളപ്പൊക്ക ദുരിതത്തിനെ തുടര്‍ന്ന് മാറ്റിവെക്കണോയെന്ന ആലോചനയിലായിരുന്നു വീട്ടുക്കാര്‍. എന്നാല്‍ ത്രിപുരാന്തക ക്ഷേത്ര ട്രസ്റ്റിന്റെയും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഹായങ്ങളുമായി എത്തിയതിനെ തുടര്‍ന്ന് വിവാഹം നിശ്ചയിച്ച പോലെ തന്നെ നടത്താമെന്നു തന്നെ തീരുമാനിക്കുകയായിരുന്നു.
പഠിച്ച സ്‌കൂളില്‍ നിന്നും ബന്ധുക്കളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ അഞ്ജു ക്ഷേത്രത്തിലേക്ക് വിവാഹ ചടങ്ങുകള്‍ക്കായി ഇറങ്ങി. ക്ഷേത്ര ട്രസ്റ്റി തന്നെയാണ് വിവാഹ സദ്യയൊരുക്കുന്നത്. മലപ്പുറത്തു പ്രവര്‍ത്തിക്കുന്ന 183 ക്യാമ്പുകളിലായി 30,000 പേരാണ് തങ്ങുന്നത്. ജില്ലയിലെ തിരുനാവായയിലെയും നിലമ്പൂരിലെയും നടക്കുന്ന ക്യാമ്പുകളിലും സമാന രീതിയില്‍ ഇന്ന് വിവാഹങ്ങള്‍ നടക്കുന്നുണ്ട്.