തിരുവനന്തപുരം: കേരളത്തില്‍ അനുഭവപ്പെടുന്നത് റെക്കോര്‍ഡ് തണുപ്പ്. കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും വലിയ തണുപ്പാണ് കേരളം അനുഭവിക്കുന്നത്. മൂന്നാറില്‍ തണുപ്പ് പൂജ്യത്തിലും താഴെ മൈനസ് മൂന്നായി. ശബരിമലയില്‍ 16ഡിഗ്രിയാണ് അനുഭവപ്പെടുന്നത്.
സാധാരണ ജനമേഖലകളില്‍ പുനലൂരിലാണ് ഈ വര്‍ഷത്തെ റെക്കോഡ് തണുപ്പ് 16.2 ഡിഗ്രി. മുപ്പതുവര്‍ഷം മുമ്പ് കോട്ടയത്ത് രേഖപ്പെടുത്തിയ 17 ഡിഗ്രിയായിരുന്നു ഈ കാലയളവിലെ ഏറ്റവും വലിയ തണുപ്പ്.
ഡിസംബറില്‍ തുടങ്ങിയ ശൈത്യകാലം ഫെബ്രുവരിയില്‍ തീരും. 19ഡിഗ്രിയാണ് ശരാശരി കുറഞ്ഞ താപനില. ഒന്നോ, രണ്ടോ ഡിഗ്രിയാണ് സാധാരണ കുറയുന്നത്. ഈ വര്‍ഷം നാലു ഡിഗ്രിയോളം കുറഞ്ഞു. പുനലൂരില്‍ 4.4, കോട്ടയത്ത് 4.1, തിരുവനന്തപുരത്ത് 1.2 എന്ന തരത്തിലാണ് താപനില കുറഞ്ഞത്.
തിരുവനന്തപുരം,കണ്ണൂര്‍, ആലപ്പുഴ, കോട്ടയം,കോഴിക്കോട് മേഖലകളില്‍ പുലര്‍കാലത്ത് കടുത്ത തണുപ്പുണ്ട്. വരണ്ട ഉത്തരേന്ത്യന്‍ കാറ്റാണ് കേരളത്തില്‍ തണുപ്പുണ്ടാക്കുന്നതെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. വടക്കേഇന്ത്യയില്‍ കടുത്ത ശൈത്യമാണിപ്പോള്‍. ഡല്‍ഹിയില്‍ 9 ഡിഗ്രിയും മഹാരാഷ്ട്രയില്‍ 5.9 ഡിഗ്രിയുമാണ് താപനില. വരണ്ട ഹിമകാറ്റ് പശ്ചിമഘട്ടപര്‍വതനിരകള്‍ ആഗിരണം ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാണ് ഇവിടെ തണുപ്പുണ്ടാക്കുന്നത്. ഇത് ഒരാഴ്ചകൂടി ഇതേനിലയില്‍ തുടരും.