ഡൊണാള്‍ഡ് ട്രംപിന് നേരെ നടുവിരല്‍ കാണിച്ച യുവതിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തി കാട്ടിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. അന്‍പതുകാരിയായ ജൂലി ബ്രിസ്‌ക്മാനെയാണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. ഒക്ടോബര്‍ 28 ന് സൈക്കിളില്‍ പോകവെ പ്രസിഡന്റിന്റെ വാഹനത്തിന് നേരെ ജൂലി നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയായിരുന്നു. ഇതിന്റെ ചിത്രം വൈറലായതോടെയാണ് നടപടി. സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും കരാര്‍ ജോലികള്‍ സ്വീകരിച്ചിരുന്ന അകിമ എല്‍എല്‍സിയിലെ ജീവനക്കാരിയും ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവിയുമാണ് ജൂലി. ഗോള്‍ഫ് ക്ലബ്ബില്‍ നിന്നും വൈറ്റ് ഹൗസിലേക്ക് ട്രംപ് മടങ്ങവെയാണ് വാഹനവ്യൂഹത്തിന് നേരെ ജൂലി വിരല്‍ ഉയര്‍ത്തിയത്. വാഹനത്തെ പിന്തുടര്‍ന്നിരുന്ന വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫര്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ചിത്രം പകര്‍ത്തി. ഇത് പിന്നീട് ജൂലി ഫേസ്ബുക്കിലും ട്വിറ്ററിലും പ്രൊഫൈല്‍ ചിത്രമാക്കി. വൈകാതെ ചിത്രം വൈറലാകുകയും ചെയ്തു. തുടര്‍ന്ന് അകിമ അധികൃതര്‍ ജൂലിയില്‍ നിന്നും വിശദീകരണം തേടി. അടുത്ത ദിവസം മീറ്റിങ് വിളിച്ച് തന്നെ പുറത്താക്കുന്ന വിവരം മേലുദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നുവെന്നും ജൂലി വിശദീകരിച്ചു. ജൂലിയുടെ പ്രവര്‍ത്തി സ്ഥാപനത്തിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, സ്ഥാപനത്തിന്റെ നിലപാടിനോട് കടുത്ത പ്രതിഷേധമാണ് ജൂലിക്കുള്ളത്. പുറത്തുവെച്ച് നടന്ന ഒരു സംഭവത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത് ശരിയായ നടപടിയല്ലെന്ന് ജൂലി പ്രതികരിച്ചു. ട്രംപിന്റെ നടപടികളോടുള്ള പ്രതിഷേധ സൂചകമായാണ് നടുവിരല്‍ ഉയര്‍ത്തിയതെന്നും ജൂലി പറഞ്ഞു.

Top