രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി മൂലം ജീവിക്കാൻ വേണ്ടി നെട്ടോടമോടുകയാണ് വെനസ്വേലൻ ജനത. അതിദാരുണമായ വാർത്തകളാണ് ഇപ്പോൾ വെനസ്വേലയിൽ നിന്നും പുറത്തു വരുന്നത്. ഒരുനേരത്തെ അന്നത്തിനായി മുടി മുറിച്ച് വിൽക്കേണ്ട ഗതികേടു വന്നു ഒരു യുവതിക്ക്. കൊളംബിയൻ അതിർത്തിലെത്തി മുടി മുറിച്ച് കൊടുത്താണ് പണം കണ്ടെത്തിയത്. വിഗ് നിർമാതാവായ ലൂയിസ് ഫെർണാർഡോ എന്ന വെനസ്വേലൻ പൗരനാണ് 180,000 കൊളംബിയൻ പെസോസ്(ഏകദേശം 4,067 രൂപ) നൽകി മുടി വാങ്ങിയതെന്ന് ബിസിസിയുടെ റിപ്പോർട്ടിൽ പറയുന്നു. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ വെനസ്വേലയിൽ നിന്ന് നിരവധി പേരാണ് അയൽരാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്.
മതിയായ രേഖകളോ പണമോ ഇല്ലാതെയാകും ഇവർ പുറപ്പെടുക. ഇത്തരത്തിൽ അതിർത്തിയിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് സ്ത്രീകളാണ് പണത്തിന് വേണ്ടി മുടി മുറിച്ച് നൽകിയിട്ടുള്ളതെന്ന് ലൂയിസ് ഫെർണാർഡോ പറയുന്നു. ഒരു കാലത്ത് ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായിരുന്നു വെനസ്വേല. എന്നാൽ രാജ്യത്തിന്‍റെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്താനും ദീർഘവീഷണത്തോടെയുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പരാജയപ്പെട്ടത്തിന് വെനസ്വേലയുടെ പതനത്തിന് കാരണമായി. സ്വന്തം ശരീരവും കുഞ്ഞുങ്ങളെയും വിറ്റ് ജീവൻ നിലനിർത്താൻ ശ്രമിക്കുന്ന അമ്മമാർ വരെ രാജ്യത്തുണ്ട്.