കാട്ടൂര്‍: ചപ്പാത്തി ഉണ്ടാക്കുന്ന മെഷീനില്‍ ഷാള്‍ കുരുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം. കിഴുത്താണി സ്വദേശി കൊച്ചുകുളം വീട്ടില്‍ സന്ദീപിന്റെ ഭാര്യ സുഗന്ധിയാണ് (28) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കാട്ടൂര്‍ ആയിഷ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന നന്ദൂസ് ചപ്പാത്തി മേക്കിംഗ് സ്ഥാപനത്തിലാണ് സംഭവം.
മൂന്നാഴ്ച മുമ്പാണ് സന്ദീപ് സ്ഥാപനം ആരംഭിച്ചത്. ചപ്പാത്തി ഉണ്ടാക്കുന്നതിനായി മാവ് കുഴയ്ക്കുന്നതിനിടെ സുഗന്ധി കഴുത്തിലിട്ടിരുന്ന ഷാള്‍ മെഷീനില്‍ കുടുങ്ങുകയായിരുന്നു. സംഭവസമയം സുഗന്ധി മാത്രമേ സ്ഥാപനത്തിലുണ്ടായിരുന്നുള്ളൂ. കുറച്ചു സമയത്തിന് ശേഷം സമീപത്തെ കടയിലെ ജീവനക്കാരാണ് മെഷീനില്‍ തല കുരുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരും കാട്ടൂര്‍ പൊലീസും ചേര്‍ന്ന് യുവതിയെ കാട്ടൂരിലെ യൂണിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.