ദില്ലി: കേരളത്തിലെ ബിജെപി നയത്തിന് വിരുദ്ധമായി വീണ്ടും ആർ എസ് എസ് .ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് തന്നെയാണ് നിലപാടെന്ന് ആര്‍.എസ്.എസ് നേതാവ് .എന്നാൽ ഇത് സമവായത്തിലൂടെയാണ് നടപ്പാക്കേണ്ടത്. സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം ലഭിക്കണം. എന്നാൽ ചില ക്ഷേത്രങ്ങൾക്കായുള്ള നിയമങ്ങൾ പാലിക്കണമെന്നും ആർഎസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ആർ എസ് എസിന്റെ നിലപാട് .
വിശ്വാസികളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല. ഭക്തരുടെ വികാരം മാനിക്കണമെന്നും ഭയ്യാജി ജോഷി പറഞ്ഞു. ഒരിടവേളക്ക് ശേഷം രാമക്ഷേത്ര വിഷയത്തില്‍ ആർഎസ്എസ് വീണ്ടും നിലപാട് കടുപ്പിച്ചു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആർഎസ്എസ്, കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി.
ക്ഷേത്ര നിർമ്മാണത്തിന് ഉടനടി ഓർഡിനൻസ് പുറത്തിറക്കണമെന്ന് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ 1992 ആവർത്തിക്കുമെന്നും ആർഎസ്എസ് മുന്നറിയിപ്പ് നൽകി. 1992 ഡിസംബർ ആറിനായിരുന്നു കർസേവകർ രാമക്ഷേത്ര നിർമ്മാണത്തിനായി പ്രക്ഷോഭം ശക്തമാക്കിയതും ബാബറി മസ്ജിദ് തകർത്തതും.
ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ബിജെപി അധ്യക്ഷൻ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ദീപാവലിക്ക് ശുഭവാർത്ത പ്രതീക്ഷിക്കുന്നതായും ഭയ്യാജി ജോഷി പറഞ്ഞു.