
കാബൂള്‍: സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ പരിപാടികളും നിർത്തിവെക്കാൻ താലിബാൻ ഭരണകൂടത്തിന്റെ നിർദ്ദേശം നൽകി. വനിതാ ടിവി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇത് നിയമങ്ങള്‍ അല്ലെന്നും മതപരമായ മാര്‍ഗനിര്‍ദേശമാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കില്ലെന്ന് ഇക്കുറി അധികാരത്തിലെത്തിയപ്പോള്‍ താലിബാന്‍ വ്യക്തമാക്കിയെങ്കിലും പഴയപടി തന്നെയാണ് ഭരണമെന്നാണ് ഓരോ നടപടികളും വ്യക്തമാക്കുന്നത്.
1996-2001 കാലയളവില്‍ താലിബാന്‍ ടിവി ചാനലുകള്‍, സിനിമകള്‍ തുടങ്ങി മിക്ക വിനോദോപാധികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ‘വോയ്‌സ് ഓഫ് ഷരിയ’ എന്ന റേഡിയോ സ്‌റ്റേഷന്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. 2001ല്‍ താലിബാന്‍ ഭരണത്തില്‍നിന്ന് പുറത്തായതിനു ശേഷം അഫ്ഗാന്‍ ടിവി ചാനലുകള്‍ സംഗീത വിഡിയോകളും തുര്‍ക്കി, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള ടിവി ഷോകളും പ്രദര്‍ശിപ്പിച്ചിരുന്നു.