ശാലിനി
ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനതിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടേത് ക്രിയാത്മകമായ സമീപനമെന്ന് ഐക്യരാഷ്ട്രസംഘടന. ഇന്ത്യ മറ്റു പല രാജ്യങ്ങളും പരാജയപ്പെടുന്നിടത്ത് വിജയിക്കുകയാണ്. ചൈനയുടെ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയം തന്നെ എന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടരാസ് പറഞ്ഞു. ലോക കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഏറ്റവും വലിയ ഇരകള്‍ ആഫ്രികന്‍ രാജ്യങ്ങളും ദ്വീപു രാഷ്ട്രങ്ങളുമാണ്.വരള്‍ച്ച കൊടുങ്കാറ്റ് പ്രളയം എന്നിവ കൂടുതലും ബാധിക്കുന്നത് ഈ രാജ്യങ്ങളെ ആണ് . ഇതിനെതിരായ പോരാട്ടത്തില്‍ യു എന്‍ പ്രതിജ്ഞാ ബദ്ധരാണ് എന്നും ഗുട്ടരാസ് പറഞ്ഞു.
ഉപദ്വീപായ ഇന്ത്യയില്‍ കാലാവസ്ഥാമാറ്റം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മുന്നില്‍ കണ്ടു സര്‍ക്കാര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ അവലംബിച്ച് കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാമാറ്റം തടയാനുള്ള പാരിസ് ഉടമ്പടിയില്‍ ഇന്ത്യ ഒപ്പ് വച്ചിരുന്നു. പദ്ധതിയെ ഇന്ത്യ സ്വാഗതം ചെയ്തു. 2015 ഡിസംബറില്‍ ആണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ പാരീസില്‍ ആഗോള കാലാവസ്ഥാ ഉച്ചകോടി നടന്നത്. 195 ലോകരാജ്യങ്ങള്‍ കരാര്‍ അംഗീകരിച്ചിരുന്നു. 2016 നു കരാര്‍ പ്രാബല്യത്തിലായി എന്നാല്‍ അമേരിക്ക ഉടമ്പടിയില്‍ നിന്ന് പിന്മാറി.ആഗോള താപനിലയുടെ വര്‍ദ്ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ , കഴിയുമെങ്കില്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാക്കി നിര്‍ത്തുക, ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്ത് വിടുന്ന കല്‍ക്കരി,പെട്രോള്‍,ഡീസല്‍,ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ക്രമേണ കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയുക എന്നിവയായിരുന്നു ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകള്‍ . ഇന്ത്യയാകട്ടെ സമുദ്രോര്‍ജം, സൌരോര്‍ജം തുടങ്ങിയ ഊര്‍ജ സ്രോതസുകളെ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചു ഫോസില്‍ ഇന്ധനങ്ങള്‍ കുറയ്ക്കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്.