ന്യുയോര്‍ക്ക് :എല്ലാം അവസാനിക്കുമോ ?ലോകം മൂന്നാം മഹായുദ്ധത്തിന്റെ മുനമ്പില്‍ എത്തി നില്‍ക്കുന്നു .ഭയപ്പാടോടെ ലോകജനത .ഉത്തരകൊറിയയുടെ ആണവ പദ്ധതി മേഖലയെ യുദ്ധമുനമ്പിലെത്തിച്ചിരിക്കുകയാണ്. അമേരിക്കയും ഉത്തരകൊറിയയും പരസ്യവെല്ലുവിളികള്‍ നടത്തുന്ന അവസരത്തില്‍ ലോകം മൂന്നാം ലോകമഹായുദ്ധത്തിന്റെ മുനമ്പിലാണെന്ന് ആശങ്കപ്പെടുന്ന വലിയൊരുവിഭാഗം ജനങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഉത്തരകൊറിയ ആണവമിസൈല്‍ ശത്രുക്കള്‍ക്കുമേല്‍ പ്രയോഗിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക. എങ്ങനെയായിരിക്കും തൊട്ടയല്‍പകത്തുള്ള ദക്ഷിണകൊറിയയും ജപ്പാനും അവരുടെ വല്യേട്ടനായ അമേരിക്കയും പ്രതികരിക്കുക?
ഉത്തരകൊറിയ ഇത്തരമൊരു നീക്കം നടത്തിയേക്കുമെന്ന് അമേരിക്കന്‍ കക്ഷികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നതാണ് വസ്തുത. അതിനുള്ള മറുപടികള്‍ അണിയറയില്‍ നേരത്തെ തന്നെ ഒരുങ്ങിയിട്ടുണ്ട്. ഉത്തരകൊറിയ അണ്വായുധം പ്രയോഗിക്കുമെന്ന ഘട്ടം വന്നാല്‍ അവരെ ആക്രമിക്കാനുള്ള പദ്ധതികള്‍ ദക്ഷിണകൊറിയയും അമേരിക്കയും തയ്യാറാക്കിയിട്ടുണ്ട്. ഉത്തരകൊറിയയെ പ്രതിരോധിക്കാന്‍ മൂന്ന് തലങ്ങളുള്ള പദ്ധതിയാണ് ദക്ഷിണകൊറിയക്കുള്ളത്.ഉത്തരകൊറിയ അണ്വായുധം പ്രയോഗിക്കുമെന്ന ഘട്ടം വന്നാല്‍ അവരെ അങ്ങോട്ടേക്ക് ആക്രമിച്ച് തകര്‍ക്കുകയാണ് ആദ്യ ഘട്ടത്തിലുള്ളത്. മിസൈല്‍ വിക്ഷേപണ തറയും ക്രൂസ് മിസൈലുകളും മറ്റ് ആയുധശേഖരങ്ങളുമടക്കം പെട്ടെന്നുള്ള ആക്രമണത്തിലൂടെ തകര്‍ത്തുകളയുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായുള്ള ഓപറേഷന്‍ പ്ലാനുകളുമുണ്ട് (OPLAN). യാദൃശ്ചികമായ ആക്രമണങ്ങളെ നേരിടുന്ന വിധമാണ് OPLAN 5015ലുള്ളത്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഉത്തരകൊറിയന്‍ നേതാക്കളേയും ആയുധശേഖരവും തന്ത്രപ്രധാനകേന്ദ്രങ്ങളുമാകും ആക്രമിക്കപ്പെടുക. OPLAN 5029 കൊണ്ടുദ്ദേശിക്കുന്നത് ഉത്തരകൊറിയയില്‍ ആഭ്യന്തരസംഘര്‍ഷം ഉണ്ടാക്കുകയെന്നതാണ്. എല്ലാ പദ്ധതിയും തകരുകയും സര്‍വ്വസന്നാഹങ്ങളോടെ ആക്രമിക്കുകയുമാണെങ്കില്‍ OPLAN 5027 ആയിരിക്കും പ്രയോഗിക്കുക.
ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളില്‍ ഇത്തരം യുദ്ധസാഹചര്യങ്ങളെ നേരിടേണ്ട വിധവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം തിരിച്ചറിയുക തടയാന്‍ ശ്രമിക്കുക തകര്‍ക്കുക പ്രതിരോധിക്കുക എന്നിങ്ങനെ നാല് ഘട്ടങ്ങളാക്കിയാണ് സൈനിക പ്രതിരോധം ഇവര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉത്തരകൊറിയയുടെ മിസൈല്‍ ലോഞ്ചറുകള്‍ ഭൂരിഭാഗവും മൊബൈല്‍ ലോഞ്ചറുകളാണെന്നത് അമേരിക്കയ്ക്ക് തലവേദനയാണ്.
അങ്ങനെ സംഭവിച്ചാൽ രാജ്യങ്ങൾ കത്തിചാമ്പലാകും, കോടിക്കണക്കിന് ജനങ്ങൾ വെന്തു മരിക്കും!..സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാവിഷയം അമേരിക്ക– ഉത്തരകൊറിയ മിസൈലുകളും അണ്വായുധങ്ങളുമാണ്. ഉത്തര കൊറിയക്കെതിരെ കടുത്ത നടപടി വേണമെന്നാണ് അമേരിക്കൻ സഖ്യത്തിന്റെ ആവശ്യം. നിലവില്‍ ഉത്തര കൊറിയക്കും അമേരിക്കയ്ക്കും അണ്വായുധങ്ങള്‍ കൈവശമുണ്ട്. അതുകൊണ്ടുതന്നെ സാധാരണ യുദ്ധം എന്നതിനപ്പുറം അണ്വായുധങ്ങള്‍ പ്രയോഗിച്ചു കൊണ്ടുള്ള യുദ്ധമാകാം ഇനിയുണ്ടാവുക. പൂര്‍ണമായ നാശത്തിലേക്ക് വഴിവെക്കുന്ന അത്യുഗ്രശേഷിയുള്ള ആയുധങ്ങളുടെ പരിണിതഫലങ്ങള്‍ യുദ്ധം കഴിഞ്ഞും വർഷങ്ങളോളം നിലനില്‍ക്കും. ഹിരോഷിമയും നാഗസാക്കിയും ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഉത്തരകൊറിയ മറ്റൊരു ആണവയുദ്ധക്കളമാക്കാന്‍ ആഹ്വാനം ചെയ്യും മുന്‍പേ നമ്മള്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്.
ന്യൂക്ലിയര്‍ ബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ ആദ്യം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും അതിനെത്തുടര്‍ന്ന് തൊട്ടതെല്ലാം കരിച്ചുകളയുന്ന തീഗോളവും വ്യാപിക്കുന്നു. കിലോമീറ്ററുകള്‍ക്കപ്പുറം വരെ ചെന്നെത്തി കണ്ടതെല്ലാം വിഴുങ്ങുന്ന നരകാഗ്‌നിയാകും പിന്നീട് നാം കാണുക. ഉപരിതലത്തില്‍ മാത്രമല്ല, ഭൂമിക്കടിയിലെ പാറകളും അവശിഷ്ടങ്ങളും വരെ കത്തിചാമ്പലാകും. പാറകളെല്ലാം പൊട്ടിത്തെറിക്കാന്‍ തുടങ്ങും. ചൂടുകാരണം അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന ഷോക്ക് വേവ് കെട്ടിടങ്ങളും നിര്‍മിതികളും തകര്‍ത്തെറിയും.
കൂണിന്റെ ആകൃതിയില്‍ വളര്‍ന്നുയരുന്ന തീഗോളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന റേഡിയോ ആക്ടീവ് വികിരണങ്ങള്‍ വര്‍ഷങ്ങളോളം ഭൂമിയില്‍ നശിക്കാതെ നില്‍ക്കും. ഇവ പിന്നീട് കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകും. ഭൂമിയുടെ ആവാസവ്യവസ്ഥ നശിച്ച് പരിസ്ഥിതി ഊഷരമാകും. അസഹ്യമായ കാലാവസ്ഥ പ്രദേശത്തെ ജീവിക്കാന്‍ ദുസഹമായ ഇടമാക്കി മാറ്റും.
സ്‌ഫോടനസമയത്ത് വലിയ അളവിലുള്ള കാര്‍ബണാണ് പുറത്തു വരുന്നത്. അന്തരീക്ഷത്തില്‍ ഒരു പാളിയായി ഇത് മാസങ്ങളോളം നിലനില്‍ക്കും. ഇതിന് സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇത് ഘനീഭവിച്ച് മഴയായി മാറിയാല്‍ മരണ കാരണമാവുകയും ചെയ്യും.
ഹിരോഷിമയില്‍ നാശം വിതച്ചവയ്ക്ക് സമാനമായ നിരവധി ന്യൂക്ലിയര്‍ ആയുധങ്ങള്‍ അമേരിക്കയുടെയും ഉത്തരകൊറിയയുടെയും കൈവശമുണ്ടെന്നത് വസ്തുതയാണ്. അണ്വായുധം പ്രയോഗിച്ചാൽ ടണ്‍ കണക്കിന് കാര്‍ബണായിരിക്കും പുറത്തു വരിക. ഇതു ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിലെത്തി ലോകം മുഴുവന്‍ വ്യാപിക്കും. ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തെ തടയും. ഭൂമിയുടെ താപനില താഴും.
മധ്യഅക്ഷാംശ മേഖലകളില്‍ ഓസോണ്‍ പാളിയുടെ ഭൂരിഭാഗവും നശിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ നിര്‍ബാധം ഭൂമിയിലേക്ക് ഒഴുകിയെത്താന്‍ ഇതു കാരണമാകും. മഴയുടെ അളവില്‍ വലിയ കുറവ് സംഭവിക്കും. വിളകളും കൃഷിയും നശിക്കും. ക്ഷാമം വീണ്ടും ഭൂമിയെ വിഴുങ്ങും. തലമുറകള്‍ ഭക്ഷണമില്ലാതെ നരകിക്കും.
യുദ്ധത്തില്‍ ജയിച്ചാലും ഇരു രാജ്യങ്ങളുടെയും സാമ്പത്തികവ്യവസ്ഥ നാമാവശേഷമാകും. ഭരണസംവിധാനമെന്നൊന്ന് ഉണ്ടാവുക തന്നെയില്ല. അന്ന് മനുഷ്യര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ എല്ലാം വീണ്ടും പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടി വരും. യുഎസ് സൈന്യം ഹിരോഷിമയ്ക്കു മേല്‍ പ്രയോഗിച്ച ലിറ്റില്‍ ബോയ്, ഫാറ്റ് മാന്‍ തുടങ്ങിയ ബോംബുകള്‍ നശിപ്പിച്ചത് 120,000 ആളുകളെയായിരുന്നു. നേരിട്ടുള്ള പ്രഹരശേഷിക്കുമപ്പുറം എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്നത്തെ തലമുറയും അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു. ഇതൊക്കെയാണ് ഇനിയൊരു യുദ്ധം വേണോ എന്ന ചിന്ത ഇവിടെയും പ്രസക്തമാകുന്നത്.