പമ്പ: ശബരിമലയില്‍ ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ ചുമതലയില്‍ നിന്നും മാറ്റുന്നു. പകരം എസ്പി പുഷ്‌കരന്‍ ഈ മാസം 30ന് ചുമതലയേല്‍ക്കും. മണ്ഡലകാലം തുടങ്ങിയതുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന യതീഷ് ചന്ദ്രയ്ക്ക് നേരെ സംഘപരിവാറിന്റെ ഭീഷണി ഉയര്‍ന്നിരുന്നു. ബിജെപി ദേശീയാധ്യക്ഷന്‍ പിഎസ് ശ്രീധരപിള്ള യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രത്തില്‍ പരാതി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനും മുന്‍പേ സ്ഥലം മാറ്റി ബിജെപി നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തടയിട്ടു.
ഒരു കാലത്ത് ബിജെപിയുടെ ഹീറോ ആയിരുന്ന യതീഷ് ചന്ദ്ര ശബരിമലയില്‍ ചുമതലയില്‍ വന്നതുമുതല്‍ വില്ലനായി മാറുകയായിരുന്നു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ ആദ്യം അറസ്റ്റ് ചെയ്തത്, പിന്നീട് ദര്‍ശനത്തിനായി വന്നപ്പോള്‍ ശശികലയുടെ ബസ് തടഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം മാത്രം സന്നിധാനത്തേയ്ക്ക് കടത്തിവിട്ടതുമെല്ലാം സംഘപരിവാറിനെ യതീഷ് ചന്ദ്രയില്‍ നിന്ന് അകറ്റി. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എത്തിയപ്പോള്‍ അദ്ദേഹത്തോട് സംസാരിച്ച രീതിയും എഎന്‍ രാധാകൃഷ്ണനെ നോക്കിയതുമെല്ലാം മോശമായെന്ന് ബിജെപിക്കാര്‍ പറയുകയും ചെയ്തതാണ്.
യതീഷ് ചന്ദ്രയെ കശ്മീരിലേക്ക് അയക്കണമെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറയുകയുമുണ്ടായി. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് ബിജെപി നേതൃത്വം കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. അതിനിടയിലാണ് ചുമതല മാറ്റം. തൃശൂര്‍ റൂറല്‍ എസ് പി പുഷ്‌ക്കരനാണ് നിലയ്ക്കലില്‍ പുതിയ ചുമതല
മലയാളികള്‍ക്ക് അത്ര പരിചിതനല്ലെങ്കിലും ക്രമസമാധാനപാലനത്തില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് എസ്പി പുഷ്‌കരന്‍. ചാലക്കുടിയെ പ്രളയം വിഴുങ്ങിയപ്പോള്‍ പാലത്തിനടയില്‍ പോലീസ് വാഹനം പാര്‍ക്ക് ചെയ്ത് കണ്‍ട്രോള്‍ റൂമാക്കി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച വ്യക്തയാണ് അദ്ദേഹം.ശബരിമലയിലെ ക്രമസമാധാനം എസ്പി പുഷ്‌കരന്റെ കൈയ്യിലും ഭദ്രമായിരിക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.