ബിനീഷിന്റെ അറസ്റ്റ് സിപിഎം പാര്‍ട്ടിയെ ബാധിക്കില്ലെന്ന് സീതാറാം യെച്ചൂരി.ധാര്‍മ്മിക പ്രശ്‌നമെന്ന് കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ബിനീഷിനെ കേസിൽ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.അതേസമയം ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിനെ സംബന്ധിച്ച കാര്യങ്ങളില്‍ സംസ്ഥാന സെക്രട്ടറിയായ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കട്ടേയെന്നും യെച്ചൂരി പറഞ്ഞു.

ബിനീഷിന്റെ അറസ്റ്റ്‌ സി.പി.എമ്മിനെ സംബന്ധിച്ച്‌ ധാര്‍മ്മിക പ്രശ്‌നമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വിനാശകരമായ കാര്യങ്ങളില്‍ ഇടപെടുന്നത് ന്യായീകരിക്കാനാകില്ല. ഇത്രയും കാലം ഭരണത്തില്‍ വരുമ്ബോള്‍ ബിനീഷിന് എതിരായ കേസുകള്‍ സൗകര്യപൂര്‍വ്വം ഒതുക്കുകയായിരുന്നു. സി പി എം പോലുളള തൊഴിലാളി വര്‍ഗ പാര്‍ട്ടിയില്‍ ഇതൊക്കെ നടക്കുന്നതിന് കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസാണ് പ്രധാനമായും കണ്ടെത്താനുള്ളത്.

നേരത്തേ ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. അഞ്ചുദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തത്. ഇരുവരുടെയും മൊഴികളിൽ ചില പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇഡിവീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. നേരത്തെ അനൂപ് മുഹമ്മദിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ ഇഡി വിളിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.

അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ഹോട്ടല്‍ തുടങ്ങാൻ ബിനീഷ് അദ്ദേഹത്തിന് പണം നൽകി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ ഇരുപതോളം അക്കൗണ്ടുകളിൽ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തിൽ അനൂപിന് വ്യക്തത നൽകാനായിട്ടില്ല.

മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ 78 തവണ വിളിച്ചതിന്റെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മിൽ 78 തവണ ഫോണിൽ ബന്ധപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനൂപ് അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുൻപ്, ആഗസ്റ്റ് 19ന് മാത്രം 5 തവണയാണ് ഇരുവരും വിളിച്ചത്.

Top