കൊച്ചി: മൂവാറ്റുപുഴ നിയമസഭാ സീറ്റ് ജോസഫ് ഗ്രൂപ്പിനു കൈമാറാനുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ നീക്കത്തിനെതിരേ യൂത്ത് കോൺഗ്രസ്. മൂവാറ്റുപുഴ കൈമാറി ചങ്ങനാശേരി കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കാനാനുള്ള നേതൃത്വത്തിൻ്റെ നീക്കത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. നേതൃത്വത്തിൻ്റെ നീക്കം മൂവാറ്റുപുഴയിലെ വിജയസാധ്യത അട്ടിമറിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
മൂവാറ്റുപുഴയുടെ കീഴിൽ വരുന്ന 10 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ഭരണം കോൺഗ്രസിനാണ്. കൂടാതെ രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റിലും വെന്നിക്കൊടി പാറിച്ചത് കോൺഗ്രസാണ്. ഈ സാഹചര്യത്തിൽ സീറ്റ് കൈമാറുന്നത് ശരിയായ നടപടിയല്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു. വിഷയത്തിൽ ക്രിയാത്മകമായി ഇടപെട്ട് നീക്കം ഉപേക്ഷിക്കാൻ നേതാക്കളോട് ആവശ്യപ്പെടണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനായാണ് ഈ വച്ചുമാറല്‍ എന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ അത്തരത്തിൽ സീറ്റ് കൈമാറ്റം ഉണ്ടാവില്ലെന്ന് വാഴയ്ക്കൻ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി. മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ എല്‍ദോ ഏബ്രാഹത്തോടു പരാജയപ്പെട്ട ജോസഫ് വാഴയ്ക്കന്‍ ഇത്തവണയും മത്സരിച്ചാല്‍ അവിടെ പരാജയപ്പെടുമെന്ന ഐഐസിസിയുടെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് സൂചന.