കഴക്കൂട്ടം സീറ്റ് ശോഭാ സുരേന്ദ്രന് നൽകുന്നതില്‍ ബിജെപിയില്‍ പൊട്ടിത്തെറി.

കൊച്ചി:ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു.ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് വിട്ടുകൊടുക്കുന്നതിൽ ആണ് ബിജെപി ഔദ്യോഗിക വിഭാഗത്തിന് കടുത്ത എതിര്‍പ്പ്. ശോഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നു. കൃഷ്ണദാസ് പക്ഷം പക്ഷേ ശോഭാ സുരേന്ദ്രനൊപ്പമാണ്. വി. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും കഴക്കൂട്ടത്ത് പരിഗണിക്കുന്നുണ്ട്.

കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ സന്നദ്ധയാണെന്ന് ശോഭാ സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എതിര്‍പ്പ് കൂടുതല്‍ രൂക്ഷമാകുന്നത്. കഴക്കൂട്ടം ശോഭാ സുരേന്ദ്രന് വിട്ടുകൊടുത്താല്‍ അത് വി. മുരളീധര പക്ഷത്തിനും കെ. സുരേന്ദ്രനും വലിയ തിരിച്ചടിയായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ശോഭ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ് കഴക്കൂട്ടത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എപ്ലസ് മണ്ഡലമായ കഴക്കൂട്ടത്തിന് മേല്‍ അവകാശവാദമുന്നയിച്ച് ശോഭ രംഗത്തെത്തിയത്.

ദേവസ്വം മന്ത്രിക്കെതിരായ മത്സരം മുഴുവന്‍ ശബരിമല വിശ്വാസികള്‍ക്കുമായുള്ള പോരാട്ടം കൂടിയാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഒരുപാട് പേര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ശോഭാ സുരേന്ദ്രന്‍ അവകാശപ്പെട്ടു. താന്‍ മത്സരിക്കുന്ന മണ്ഡലം കഴക്കൂട്ടമാണെന്ന് കെ.സുരേന്ദ്രന്‍ പറയേണ്ട കാര്യമില്ല. അവിടെ മത്സരിക്കാന്‍ ദേശീയ നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ശോഭാ സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതേസമയം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി അഖിലേന്ത്യാ നേതാക്കളും മുഖ്യമന്ത്രിമാരുമടങ്ങുന്ന ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, താരപ്രചാരകരായ ഖുശ്ബു, വിജയശാന്തി എന്നിവരും പ്രചാരണത്തിനായി കേരളത്തിലെത്തും. ഇത്ന് തുടക്കം കുറിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഇന്ന് തലസ്ഥാനത്തെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസവും അമിത് ഷാ കേരളത്തിലും തമിഴ്‌നാട്ടിലുമായി അഞ്ചു ദിവസത്തെ പ്രചര പരിപാടികളിലും പങ്കെടുക്കും. മോദി അഞ്ചു മഹാറാലികളില്‍ പങ്കെടുക്കുമ്പേള്‍ അമിത് ഷാ പത്ത് ജില്ലകളിലെ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ നാലു ദിവസം കേരളത്തിലും മൂന്നു ദിവസം തമിഴ്‌നാട്ടിലെ പ്രചരണ പരിപാടികളിലും പങ്കെടുക്കും.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നേതൃത്വം നല്‍കും. കോണ്‍ഗ്രസ് മുന്‍ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എംപി, തേജസ്വി സൂര്യ എംപി, റാം മാധവ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ കേരളത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, പ്രകാശ് ജാവഡേക്കര്‍, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍, അനുരാഗ് ഠാക്കൂര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ രണ്ടു ദിവസം വീതം പ്രചരണം നയിക്കും.

പ്രധാനമന്ത്രി മാര്‍ച്ച് 30 മുതലാണ് കേരളത്തിലേക്ക് എത്തുക. അമിത് ഷാ മാര്‍ച്ച് 24, 25, ഏപ്രില്‍ 3 തീയതികളിലും ജെ.പി. നദ്ദ മാര്‍ച്ച് 27,31 തീയതികളിലും രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, ഖുശ്ബു എന്നിവര്‍ മാര്‍ച്ച് 28 നും യോഗി ആദിത്യനാഥ് മാര്‍ച്ച് 27 നും വിജയശാന്തി 21, 22, 25, 26, 27, 29, 30, 31, ഏപ്രില്‍ 4 തീയതികളിലും പ്രചാരണത്തിനായെത്തും.

Top