ആക്ഷന്‍ ഹീറോ ബിജുവിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയ യുവാവ് പിടിയില്‍

കൊച്ചി: വ്യാജസിഡി പുറത്തിറക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും പണി കിട്ടും. ഇതിനു ഉദാഹരണമായി വ്യാജസിഡി പുറത്തിറക്കിയ യുവാവിനെ പോലീസ് പിടികൂടി. ആക്ഷന്‍ ഹീറോ ബിജുവിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയ ഞാറക്കല്‍ സ്വദേശി നിതിന്‍ ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 26 സിനിമകളുടെ വ്യാജ സിഡികളാണ് പൊലീസ് പിടിച്ചെടുത്തത്

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി ചിത്രങ്ങളുടെ പകര്‍പ്പ് ഇയാളില്‍ നിന്നും പിടികൂടി. പുതിയ ചിത്രങ്ങളുടെ തീയറ്റര്‍ പതിപ്പുകളാണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തത്.

സിനിമകളുടെ വ്യാജപകര്‍പ്പ് ലഭിച്ചത് കൊച്ചിയിലെ കലൂരിലുള്ള ഒരു സ്റ്റുഡിയോയില്‍ നിന്നാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇതോടെ ഈ സ്റ്റുഡിയോ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ വരുംദിവസങ്ങളില്‍ പിടിയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Latest
Widgets Magazine