മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍; തുടരന്വേഷണം പുരോഗമിക്കുന്നു; മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കണമെന്ന് കോടതി

കൊച്ചി: മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസിലെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. മാണിക്കെതിരെ തെളിവുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതില്‍ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കാന്‍ മാണി നല്‍കിയ ഹര്‍ജ്ജിയിലാണ് കോടതി നിര്‍ദ്ദേശം. കേസില്‍ അഴിമതി നിരോധനനിയമം നിലനില്‍ക്കുമോ എന്ന് പരിശോധിക്കണം. ഏത് സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് തയ്യാറായതെന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.

ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേസന്വേഷണത്തിന്റെ നിര്‍ണായകമായ ഘട്ടം പിന്നിട്ടതായി വിജിലന്‍സ് വ്യക്തമാക്കി. ഫോണ്‍ സംഭാഷണം സംബന്ധിച്ച ഫോറന്‍സിക് പരിശോധന നടക്കുകയാണ്. പുതുതായി പലരും മൊഴിനല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.

ബാര്‍ കോഴക്കേസില്‍ ചുമത്തിയ അഴിമതി നിരോധന നിയമം നിലനില്‍ക്കുമെന്നും തുടരന്വേഷണവുമായി മുന്നോട്ടുപോകാനുമുള്ള എല്ലാ സാഹചര്യവുമുണ്ടെന്നുമുള്ള നിലപാടാണ് വിജിലന്‍സ് കോടതിയില്‍ സ്വീകരിച്ചത്. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

Latest
Widgets Magazine