മീശ നോവല്‍: മാതൃഭൂമിക്കെതിരെ വാഹന പ്രചരണവുമായി ഹിന്ദുത്വവാദികള്‍; പരസ്യം പിന്‍വലിക്കുന്നതായി ഭീമ ജ്വല്ലേഴ്‌സ്

കൊച്ചി: മീശ നോവല്‍ പ്രസിദ്ധീകരിച്ചതിലൂടെ ഹൈന്ദവരുടെ വികാരം വൃണപ്പെടുത്തി എന്ന മാതൃഭൂമി പത്ത്രതിനെതിരായുള്ള ഹിന്ദുത്വവാദികളുടെ പ്രചരണത്തിന് ശക്തിയേറുന്നു. പല ജില്ലകളിലും വാഹനം പ്രചരണം അടക്കം നടത്തിയാണ് മാതൃഭൂമിയെ മുട്ടുകുത്തിക്കാന്‍ നോക്കുന്നത്. മാതൃഭൂമി പത്രം വാങ്ങുന്നതില്‍ നിന്നും ജനങ്ങളെ പിന്തുരുപ്പിക്കുന്നതിനാണ് പ്രചരണം നടത്തുന്നത്.

ഇതിനിടെ മാതൃഭൂമി പത്രത്തില്‍ പരസ്യം നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുന്നതായി ഭീമ ജ്വല്ലേര്‍സ് അറിയിച്ചു. ഫേസ്ബുക്കില്‍ ഉപഭോക്താക്കള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് പരസ്യം നല്‍കുന്നത് നിര്‍ത്തി വെയ്ക്കുന്നതെന്നാണ് ജ്വല്ലറി നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

ഒരു മലയാളി ദിനപത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറേ അധികം പേര്‍ പരാമര്‍ശിക്കുകയുണ്ടായി. ഇത് ഞങ്ങള്‍ ഗൗരവത്തോടെ കാണുന്നു എന്ന് പറഞ്ഞാണ് ഭീമയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പരസ്യങ്ങള്‍ മുന്‍ കൂട്ടി നല്‍കിയതാണെന്നും, പരസ്യ ഏജന്‍സിയാണ് പരസ്യങ്ങളുടെ കാര്യം തീരുമാനിക്കുന്നതെന്നും പോസ്റ്റില്‍ ന്യായീകരണമുണ്ട്.

94 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ് ഭീമയെന്നും, സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തതോടെ പ്രവര്‍ത്തിക്കുന്നവരാണെന്നും പോസ്റ്റില്‍ പറയുന്നു. സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതുവിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ നില്‍ക്കുക എന്നതാണ് തങ്ങളുടെ ശൈലി എന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്കില്‍ ആളുകള്‍ പ്രതിപാദിച്ച വിഷയം ഗൗരവത്തോടെ തന്നെ കാണുന്നുവെന്നു, ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഒരു മലയാളം ദിന പത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജില്‍ കുറെ അധികം പേര്‍ പരാമര്‍ശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങള്‍ വളരെ ഗൗരവ പൂര്‍വം കാണുന്നു.
ഞങ്ങളുടെ പരസ്യങ്ങള്‍ എവിടെ ഏതു പത്രത്തില്‍ എപ്പോള്‍ കൊടുക്കണം എന്ന് നിര്‍ദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജന്‍സിയാണ്. അവര്‍ ആ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകള്‍ ഉദ്ധരിച്ചാണ്. പരസ്യങ്ങള്‍ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുന്‍കൂട്ടിക്കണ്ട് പരസ്യ ഏജന്‍സി പത്രങ്ങള്‍ക്കു മുന്‍കൂര്‍ നല്കിയിട്ടുള്ളതാണ്. ഭീമ 94 വര്‍ഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങള്‍ ഏറെ പ്രാധാന്യം നല്‍കി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളില്‍ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്ഠയും നിങ്ങള്‍ ഞങ്ങളുടെ ഫേസ്ബുക് പേജില്‍ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂര്‍വം ഞങ്ങള്‍ ഞങ്ങളുടെ പരസ്യ ഏജന്‍സിയെ ഉടനടി അറിയിക്കുകയും. താല്‍കാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്ന് ഭീമ ജുവല്ലേഴ്സ്

Latest
Widgets Magazine