മോഹൻലാലിനും പി.ടി ഉഷയ്ക്കും ‘ഡീലിറ്റ്’നൽകേണ്ടന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി..സിൻഡിക്കേറ്റിലും ഉപസമിതിയിലും ഭിന്നത

മലപ്പുറം:മോഹൻലാലിനും പി.ടി ഉഷയ്ക്കും ‘ഡീലിറ്റ്’നൽകേണ്ടന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. പ്രമുഖ താരങ്ങളെ ഒഴിവാക്കി കാലിക്കറ്റ് സർവ്വകലാശാലയുടെ ഡീലിറ്റ് ബിരുദ ദാനചടങ്ങ് ഷാർജാ ഭരണാധികാരിക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയതോടെ സിൻഡിക്കേറ്റിലും ഉപസമിതിയിലും ഭിന്നത ഉടലെടുത്തിരിക്കുകയാണ്. ഈ മാസം 26 ന് നടക്കേണ്ട ഡീലിറ്റ് ബിരുദ ദാനചടങ്ങിൽ നിന്ന് രണ്ട് പേരെയും ഒഴിവാക്കിയതിൽ ആരാധകരിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഷാർജ ഭരണാധികാരി ഷൈക് ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ചതോടെ സിനിമാ, കായിക രംഗത്തുള്ളവരെ ഒഴിവാക്കി ഷാർജ ഷൈകിന് മാത്രം ഡീലിറ്റ് ബിരുദം നൽകാൻ സർവകലാശാല തീരുമാനിക്കുകയായിരുന്നു. മൂവർക്കും ഡീലിറ്റ് സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഏറെ പുരോഗമിച്ചിരുന്നു. ഇതിനിടെയാണ് രണ്ട് പേരെയും ഒഴിവാക്കിയിരിക്കുന്നത്.

നേരത്തേ ഇ. ശ്രീധരൻ, സച്ചിൻ ടെൻഡുൽക്കർ എന്നിവരും ആദരിക്കുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ സർവകലാശാലയിലെ മുൻ വൈസ് ചാൻസലറുടെ കാലത്തുണ്ടായ സംഘർഷാവസ്ഥ കാരണം ഡീലിറ്റ് വേണ്ടെന്ന് കാണിച്ച് ശ്രീധരൻ കത്തുനൽകുകയായിരുന്നു. സച്ചിനിൽനിന്നും അനുകൂല മറുപടിയൊന്നും ലഭിച്ചതുമില്ല. ഈ സാഹചര്യത്തിൽ സർവകലാശാല ഷാർജ ഷൈക്, മോഹൻലാൽ, പി.ടി ഉഷ എന്നിവർക്ക് ഡീലിറ്റ് നൽകി ആദരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സുരക്ഷാകാരണങ്ങളാൽ ഷാർജ ഷൈക് കൂടി ഒഴിവാകുന്ന സാഹചര്യമുണ്ടായതോടെ രണ്ട് താരങ്ങളെയും ഒഴിവാക്കുകയാണുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പത്മശ്രീ മോഹൻലാൽ, പി.ടി ഉഷ എന്നിവർക്ക് മറ്റൊരു ദിവസം ഡീലിറ്റ് നൽകാനുള്ള ആലോചനയുമുണ്ട്. ഡീലിറ്റ് നൽകാൻ സർവ്വകലാശാല മാസങ്ങൾക്ക് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ ഷാർജ ഷൈകുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിച്ചു.കൂടാതെ രഹസ്യാന്വേഷണ ഏജൻസിയും ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകി. ഇത് പരിഗണിച്ചാണ് ഈ മാസം 26ന് നടക്കേണ്ട ചടങ്ങിൽ മാറ്റങ്ങൾ വരുത്തിയതെന്നാണ് സർവകലാശാലയുടെ വിശദീകരണം.

സിനിമാ താരം മോഹൻലാലും കായികതാരം പി.ടി ഉഷയും പങ്കെടുത്താൽ ആരാധകരെ നിയന്ത്രിക്കാനാകില്ലെന്നും അതു സുരക്ഷാ പ്രശ്നങ്ങൾക്കിടയാക്കുമെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്നാണ് പരിപാടിയിൽ മാറ്റം വരുത്തിയതെന്നും ബന്ധപ്പെട്ടവർ പറയുന്നു. സുരക്ഷാ പ്രശ്നമുള്ള സാഹചര്യത്തിൽ പങ്കെടുക്കാനാകില്ലെന്ന് ഷാർജ ഭരണാധികാരിയുടെ ഔദ്യോഗിക വൃത്തങ്ങൾ സർവ്വകലാശാല അധികൃതർക്ക് നേരത്തേ വിവരം കൈമാറുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഷാർജാ ഭരണാധികാരി ഷൈക് ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് മാത്രം ഈ മാസം 26ന് ഡീലിറ്റ് ബിരുദം സമ്മാനിക്കാൻ കാലിക്കറ്റ് സർവ്വകലാശാല അധികൃതർ തീരുമാനിച്ചത്.

ഷാർജയുടെ രാഷ്ട്രത്തലവൻ പങ്കെടുക്കുന്ന ചടങ്ങായതിനാൽ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടി വരുമെന്ന സുരക്ഷാ വകുപ്പിന്റെ നിർദ്ദേശം കണക്കിലെടുത്താണ് ഡിലിറ്റ് ചടങ്ങിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. അതിനാൽ നിശ്ചയിച്ച ദിവസം ഷാർജ ശൈഖിന് മാത്രം ഡീലിറ്റ് നൽകും. നടൻ പത്മശ്രീ മോഹൻലാൽ, കായികതാരം പിടി ഉഷ എന്നിവർക്ക് മറ്റൊരു ദിവസം ഡീലിറ്റ് സമ്മാനിക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം സർവ്വകലാശാല അധികൃതർ മോഹൻലാലിനെയും പി.ടി ഉഷയെയും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.എന്നാൽ തീരുമാനത്തിനെകതിരെ വിവിധ കോണുകളിൽ നിന്ന് അസംതൃപ്തി ഉയർന്നിട്ടുണ്ട്. ഡീലിറ്റ് ബിരുദ ദാന ചടങ്ങ് ഒന്നിലധികം ദിവസങ്ങളിലായി നടത്തുന്നത് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തു വന്നിരിക്കുന്നത്.

Top