ദോക് ലാ തര്‍ക്ക മേഖലയില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; ഹെലിപാഡുകളും ആയുധപ്പുരകളും നിര്‍മ്മിച്ചു

ന്യൂഡല്‍ഹി: ദോക് ലാ തര്‍ക്കമേഖലയില്‍ ചൈന വന്‍ സൈനിക സന്നാഹം നടത്തിയതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത്. ഭൂട്ടാനുമായുള്ള തര്‍ക്ക മേഖലയിലാണു ചൈന പടയൊരുക്കം. ഡിസംബര്‍ രണ്ടാം വാരം പകര്‍ത്തിയ ഉപഗ്രഹദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെ, ഏഴു ഹെലിപാഡുകള്‍, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവയാണു ചൈന നിര്‍മിച്ചിരിക്കുന്നത്. പത്തു കിലോമീറ്റര്‍ നീളമുള്ള റോഡും നിര്‍മിച്ചിട്ടുണ്ടെന്നാണു സൂചന. ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.

ഭൂട്ടാനുമായുള്ള തര്‍ക്ക മേഖലയിലാണു ചൈന പടയൊരുക്കം നടത്തുന്നതെന്നു ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ഇവിടെ കടന്നുകയറി റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം 73 നാള്‍ നീണ്ടുനിന്നിരുന്നു.

എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷനാളുകളില്‍ ചൈന നിര്‍മിച്ച താല്‍ക്കാലിക സംവിധാനങ്ങളാണ് ഇവയെന്നും വാദമുണ്ട്. പ്രദേശത്തു ചൈനയുടെ താല്‍ക്കാലിക സംവിധാനങ്ങള്‍ ഇപ്പോഴുമുണ്ടെന്നും ശൈത്യകാലമായതിനാല്‍ ചൈനീസ് സൈനികര്‍ ഇപ്പോള്‍ അവിടെയില്ലെന്നും കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ശൈത്യകാലത്തിനുശേഷം ചൈനീസ് പട്ടാളം അവിടേക്കു തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.

ചൈനയില്‍ നിന്നുള്ള ഏത് അടിയന്തര നീക്കവും നേരിടാന്‍ സേന തയാറാണെന്നു റാവത്ത് ഇന്നലെ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി സേനകള്‍ തമ്മില്‍ നിരന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവില്‍ ചൈനയുടെ ഭാഗത്തുനിന്നു കാര്യമായ ഭീഷണിയില്ല. എന്നാല്‍, സേന ഒരുങ്ങിയാണു നിലയുറപ്പിച്ചിരിക്കുന്നത്. അവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ വീണ്ടുമെത്തിയാല്‍ നേരിടാന്‍ തയാറാണ് – റാവത്ത് വ്യക്തമാക്കി.

Latest
Widgets Magazine