വീണ്ടും പ്രകോപനം സൃഷ്ടിക്കാൻ ചൈന; ബ്രഹ്മപുത്ര നദിയില്‍ നിന്നും വെള്ളം കടത്താനായി ടണല്‍ നിർമ്മിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുമായി പോര്‍മുഖം തുറക്കാന്‍ തീരുമാനിച്ച് തന്നെയാണ് ചൈന നീങ്ങുന്നത്. ഇത്തരത്തില്‍ രാജ്യത്തെ വിറളിപിടിപ്പിക്കുന്ന നീക്കമാണ് ചൈന പുതുതായി നിര്‍മ്മിക്കുന്ന ടണല്‍. ബ്രഹ്മപുത്ര നദിയില്‍ നിന്ന് വെള്ളം കടത്താനായി 1000 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മ്മിക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് ടണല്‍ നിര്‍മ്മാണം.

യുന്നാന്‍ പ്രവിശ്യയില്‍ 600 കിലോമീറ്റര്‍ നീളമുള്ള ടണലിന്റെ നിര്‍മാണത്തിന് ഓഗസ്റ്റില്‍ ചൈന തുടക്കം കുറിച്ചിരുന്നു. ഈ ടണലിലൂടെ ടിബറ്റിലെ യാര്‍ലുങ് ടിസാങ്പോയില്‍ നിന്ന് ഷിന്‍ജിയാങ്ങിലേക്ക് എങ്ങനെ ജലമെത്തിക്കാമെന്ന് എന്‍ജീനിയര്‍മാര്‍ പഠിച്ചുവരികയാണ്. ടിബറ്റില്‍ നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്രയുടെ ചൈനയിലെ പേരാണ് യാര്‍ലുങ് ടിസാങ്പോ.

പുതിയ പദ്ധതിയിലൂടെ ഷിന്‍ജിയാങ്ങിനെ കാലിഫോര്‍ണിയയ്ക്കു സമാനമായി മാറ്റാമെന്ന് ചൈനയുടെ ജിയോളജിക്കല്‍ എന്‍ജീനിയറുടെ വാദം. യുന്നാനിലെ ടണല്‍ നിര്‍മാണം പുതിയ ടണല്‍ നിര്‍മിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം മാത്രമായിരുന്നുവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ബ്രഹ്മപുത്രയെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ചൈന പൊതുജനങ്ങള്‍ക്കു മുന്നില്‍ ഒരിക്കലും ചര്‍ച്ച ചെയ്തിരുന്നില്ല. ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളെയും ബംഗ്ലദേശിനെയും മോശമായി ബാധിക്കുന്ന ഒരു പദ്ധതിയാണിത്. ഇവിടെനിന്നും ചൈന ജലമെടുക്കുന്നത് ബ്രഹ്മപുത്രയിലെ ജലനിരപ്പു കുറയുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ചൈന, ഇന്ത്യ, ബംഗ്ലദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയില്‍ യാര്‍ലുങ് ടിസാങ്പോ എന്നും ഇന്ത്യയില്‍ ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശില്‍ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണിത്. ടിബറ്റിലാണ് ഉത്ഭവം. ബംഗ്ലദേശില്‍ വച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.
ഇന്ത്യയും ചൈനയുമെല്ലാം ബ്രഹ്മപുത്രയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. 12000 മെഗാവാട്ടാണ് ബ്രഹ്മപുത്രയുടെ വൈദ്യുതോത്പാദനശേഷിയായി കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ 160 മെഗാവാട്ടോളം വൈദ്യുതി മാത്രമാണ് ഇപ്പോള്‍ ആകെ ഉല്‍പാദിപ്പിക്കുന്നത്.

Top