ഹനാന് പിന്തുണ അറിയിച്ച് നടന്‍ ഷൈന്‍ ടോം; വ്യത്യസ്ത അനുഭവം പങ്കുവയ്ക്കുന്ന കുറിപ്പില്‍ അവളെ തളര്‍ത്തരുതെന്ന അപേക്ഷയും

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസം കൊണ്ട് കോളിളക്കം സൃഷ്ടിച്ച ഹനാന്റെ വ്യത്യസ്തമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഹനാന് പിന്തുണ അറിയിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷൈന്‍ തന്റെ കുടുംബത്തില്‍ സംഭവിച്ച് അവിചാരിത അനുഭവം പങ്ക്വയ്ക്കുന്നത്.

അഞ്ച് വര്‍ഷം മുമ്പ് തന്റെ വീട്ടിലേക്ക് കയറി വന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെ ഇന്നും തന്റെ അമ്മ ഓര്‍ക്കുന്നുവെന്ന് ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒഴുക്കിനെതിരെ നീന്തുന്നവരെ പ്രോത്സഹിപ്പിച്ചവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളര്‍ത്തരുതെന്നും കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാന്‍ ശ്രമിക്കമെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹനാനെ എനിക്ക് അറിയില്ല…
എഫ്.ബിയിലെ പോസ്റ്റുകള്‍ കണ്ടിട്ടാണ് ആദ്യമായി ഈ വാര്‍ത്ത ഞാന്‍ ശ്രദ്ധിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി നേരിടുന്ന പെണ്‍കുട്ടി.. അപ്പോള്‍ തന്നെ ഞാന്‍ വീട്ടിലെ എല്ലാവരെയും ഈ വാര്‍ത്ത കാണിച്ചു. എല്ലാവരും ഓരോ അഭിപ്രായങ്ങള്‍ പറയുന്നതിനിടയില്‍ അമ്മ പറഞ്ഞു ഈ കുട്ടിയെ എനിക്ക് അറിയാം. ഏകദേശം 5 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കുട്ടി നമ്മുടെ വീട്ടില്‍ വന്നിട്ടുണ്ടെന്ന്. എനിക്ക് തെല്ല് അത്ഭുതം തോന്നി ഞാന്‍ വിശദമായി ചോദിച്ചു. 5 വര്‍ഷങ്ങള്‍ക്കു മുന്‍പ് തൃശൂര്‍ മുണ്ടുരിലെ എന്റെ വീട്ടിലേക് കൈയ്യിലൊരു നോട്ടീസുമായി കടന്നു വന്ന ഒരു 8, 9 ലോ പഠിക്കുന്ന കുട്ടി. താന്‍ തുടങ്ങാന്‍ പോകുന്ന ട്യൂഷന്‍ പ്ലസ് സ്‌പോകെന്‍ ഇംഗ്ലീഷ് ക്ലാസിലേക് കുട്ടികളെ ക്യാന്‍വാസ് ചെയ്യാനാണ് ആ കുട്ടി ഒറ്റക്ക് വീടുകള്‍ തോറും കയറി ഇറങ്ങിയിരുന്നത്. അമ്മ ആ കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തെടുത്തു പറഞ്ഞു. വളരെ സ്മാര്‍ട്ട് ആയിട്ടുള്ള ഒരു കൊച്ചായിരുന്നു അത്. ആ കുട്ടിയാണ് ഇതെന്ന് അറിഞ്ഞപ്പോള്‍ അമ്മക്കും പ്രതേകിച്ച് അത്ഭുതം ഒന്നും തോന്നീല. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല.

ആ ചെറു പ്രായത്തില്‍ തന്നെ ഒറ്റക്കൊരു സ്ഥാപനം തുടങ്ങാനുള്ള ചങ്കൂറ്റം നിസാരമല്ല. എന്റെ വീട്ടില്‍ നിന്നും ആരും അങ്ങോട്ട് പോയിട്ടില്ല. ചുറ്റുവട്ടത്തില്‍ നിന്നുള്ള വീടുകളില്‍ നിന്നും ആരും പോയതായി അറിഞ്ഞിട്ടും ഇല്ല്യ. പിന്നെ തിന്നാനും ഉടുക്കാനും ഇല്ല്യാത്തതല്ല ഇന്നത്തെ കാലത്തേ ദാരിദ്ര്യം. സിനിമയിലെ ജൂനിയര്‍ ആര്‍ടിസ്റ്റ് ആണെന്ന് പറയുന്നത് സമ്പന്നതയുടെ പ്രതീകവും അല്ല. അഭിനയ മോഹത്തേക്കാള്‍ ഉപരി അതി ജീവനത്തിനായി വരുന്നവരാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ പലരും. പിന്നെ യൂണിഫോം ഇട്ടുള്ള മീന്‍ കച്ചവടം എന്നെ പോലെ പലരേം ആകര്‍ഷിക്കാന്‍ ഉതകുന്ന ഒന്നായെ എനിക്ക് തോന്നിയിട്ടുള്ളൂ. ഹനാന്റെ ജീവിതം നമ്മള്‍ കരുതുന്നതിലും അപ്പുറം ആണെന്നാണ് എന്റെ വിശ്വാസം..അല്ലെങ്കില്‍ ഒരു ഒമ്പതാം ക്ലാസുകാരി അങ്ങിനെ ഒരു നോട്ടീസുമായി എന്റെ വീട്ടില്‍ വരേണ്ട കാര്യം ഉണ്ടാകുമായിരുന്നില്ല. ആ കാര്യം ആണ് മീന്‍ കച്ചവടത്തെക്കാള്‍ ഹനാനെ എനിക്ക് അത്ഭുതമാക്കിയത്. പിന്നെ തീയില്‍ കുരുത്ത ചിലര്‍ക്കെങ്കിലും പെട്ടന്നൊന്നും കണ്ണീര്‍ വരില്ല. ഒഴുക്കിനൊപ്പം നീന്തുന്നവരാണ് ഞാന്‍ ഉള്‍പ്പടെയുള്ള പലരും. ഒഴുക്കിനെതിരെ നീന്തുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളര്‍ത്തരുത്. കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാന്‍ ശ്രമിക്കുക.

Latest
Widgets Magazine