ഇനിയെങ്കിലും നിങ്ങള്‍ എന്തെങ്കിലും ചെയ്യൂ: നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥനയുമായി കേജ്‌രിവാള്‍

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിസിലെ കാത്തിരിപ്പുമുറിയില്‍ കേജ്‌രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുന്നു. ഐഎഎസ് ഓഫിസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ട് കേജ്രിവാള്‍ വീണ്ടും നരേന്ദ്ര മോദിക്ക് കത്തെഴുതി. ഞായറാഴ്ച നടക്കുന്ന നിതി ആയോഗില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുളള കത്തിനു മറുപടിയായാണ് കേജ്രിവാള്‍ കത്തയച്ചത്.

സമരം വ്യക്തിഗത നേട്ടത്തിനല്ലെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ നന്മയ്ക്കാണെന്നും കേജ്രിവാള്‍ പറഞ്ഞു. വ്യാഴാഴ്ച ലഫ്റ്റനന്റ് ഗവര്‍ണറോട് ഞാന്‍ സംസാരിക്കുകയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഗവര്‍ണര്‍ക്ക് കത്തെഴുതുകയും ചെയ്തു. വാട്‌സ്ആപ്പില്‍ മെസേജും അയച്ചു. പക്ഷേ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഒരു മറുപടിയും ഉണ്ടായില്ല. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിനും മറുപടി കിട്ടിയില്ല. അതിനാല്‍ ഇന്ന് ഞാന്‍ വീണ്ടും അദ്ദേഹത്തിന് കത്തെഴുതി, കേജ്രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ യോഗത്തില്‍ ഓഫിസര്‍മാര്‍ പങ്കെടുക്കാതിരുന്നാല്‍ ഒരു ദിവസമെങ്കിലും ഭരണകാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പിന്നെന്തിനാണ് ഡല്‍ഹിയില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന സമരത്തിന് താങ്കള്‍ അനുവാദം നല്‍കുന്നത്. ഡല്‍ഹിയെ ജനങ്ങളെ കണക്കിലെടുക്കാതെ ചെയ്യുന്ന ഈ നടപടി നല്ലതല്ലെന്നും കേജ്രിവാള്‍ പറഞ്ഞു.

വ്യാഴാഴ്ച എഴുതിയ കത്തിനു പുറമേയാണ് വെളളിയാഴ്ചയും കേജ്രിവാള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രണ്ടാമത്തെ കത്തിലും നാലു മാസമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക, സമരം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ കേജ്രിവാള്‍ ഉന്നയിച്ചിട്ടുണ്ട്.

ഞാന്‍ വീണ്ടും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്, എന്തെങ്കിലും ചെയ്യൂ. ഉദ്യോഗസ്ഥരുടെ സമരം തുടരാന്‍ അനുദിക്കുന്നത് നല്ലതിനല്ല. ഞായറാഴ്ച വരെ നടപടി ഒന്നും ഉണ്ടായില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകും. ഡല്‍ഹി ജനങ്ങളും മോദിയുടെ വസതിയില്‍ ചെന്ന് സമരം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കും.

എന്നിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ ഞായറാഴ്ച ഡല്‍ഹിയിലെ ഓരോ നിവാസികളുടെയും പ്രധാനമന്ത്രിയുടെ വീട്ടില്‍ പോകും. നഗരത്തിലെ 10 ലക്ഷം ജനങ്ങളുടെ വീടുകളില്‍ എഎപി പ്രവര്‍ത്തകര്‍ ചെല്ലും. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെക്കുറിച്ചും അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും എഴുതിയ കത്തില്‍ അവരുടെ ഒപ്പുകള്‍ ശേഖരിക്കും. ഈ 10 ലക്ഷം കുടുംബങ്ങളും ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ടും ഐഎഎസ് ഓഫിസര്‍മാരുടെ സമരത്തിനെതിരെയും പ്രക്ഷോഭം നടത്തും’ കേജ്രിവാള്‍ പറഞ്ഞു.

അതിനിടെ, ഗവര്‍ണറുടെ വസതിയില്‍ ആംബുലന്‍സും ഡോക്ടര്‍മാരും എത്തിയതിനെ കേജ്രിവാള്‍ വിമര്‍ശിച്ചു. ഞങ്ങളെ നിര്‍ബന്ധിച്ച് ഇവിടെനിന്ന് നീക്കം ചെയ്യാനാണ് അവരുടെ പദ്ധതി ഇപ്പോള്‍ നാലുദിവസം കഴിഞ്ഞിരിക്കുന്നു. ഞങ്ങളെല്ലാം ഫിറ്റാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടമെന്ന് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. സമരം നിര്‍ബന്ധിപ്പിച്ച് അവസാനിപ്പിക്കാനാണ് നീക്കമെങ്കില്‍ വെളളം കുടിക്കുന്നതുപോലും നിര്‍ത്തുമെന്ന് വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരുള്‍പ്പെട്ട സംഘമാണു രാജ് നിവാസില്‍ ധര്‍ണ നടത്തുന്നത്. നാലു മാസമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക, സമരം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളാണ് കേജ്‌രിവാളും സംഘവും ഉന്നയിച്ചത്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. തുടര്‍ന്നാണ് സംഘം ലഫ്. ഗവര്‍ണറുടെ ഓഫിസായ രാജ് നിവാസില്‍ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ധര്‍ണ ആരംഭിച്ചത്.

Latest
Widgets Magazine